രാജ്യം ഭരിക്കുന്നത് എല്ലാ രംഗത്തും നിരാശ മാത്രം സമ്മാനിച്ച സർക്കാർ; കടന്നുപോയത് ദുർഭരണത്തിന്‍റെയും വാഗ്ദാന ലംഘനത്തിന്‍റെയും ആറ് വർഷങ്ങള്‍; രണ്ടാം മോദി സർക്കാരിന്‍റെ ഒന്നാം വാർഷികത്തിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ്

Jaihind News Bureau
Saturday, May 30, 2020

KC Venugopal, Randeep Singh Surjewala

രണ്ടാം മോദി സർക്കാരിന്‍റെ ഒന്നാം വാർഷികത്തിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ്. നിരാശ നിറഞ്ഞതും വിനാശകരമായ നയങ്ങൾ നടപ്പിലാക്കിയതുമായ വർഷങ്ങളാണ് കടന്നുപോകുന്നതെന്ന് എ.ഐ.സിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. വിവേകശൂന്യവും ക്രൂരവുമായ പ്രഖ്യാപനങ്ങളാണ് സാമ്പത്തിക പാക്കേജിലൂടെ സർക്കാർ മുന്നോട്ട് വച്ചതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാലയും കുറ്റപ്പെടുത്തി.

എല്ലാ രംഗത്തും നിരാശ മാത്രം സമ്മാനിച്ച സർക്കാരാണ് രാജ്യം ഭരിക്കുന്നതെന്ന് കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടി. നിസ്സഹായരായ ജനങ്ങളും ഹൃദയമില്ലാത്ത സർക്കാരും എന്നതാണ് രാജ്യത്തിന്‍റെ ചിത്രം.കോവിഡ് കാലത്ത് പോലും ജനങ്ങളുടെ ദുരിതം കാണാൻ സർക്കാരിന് കഴിയുന്നില്ല. കൊവിഡ് പ്രതിസന്ധിയെ കോൺഗ്രസ് ഒരിക്കലും ആയുധമാക്കിയിട്ടില്ലെന്നും സർക്കാരിന്‍റെ പരാജയങ്ങൾ ഉയർത്തി കാണിക്കുക മാത്രമാണ് ചെയ്തതെന്നും ബിജെപിയുടെ വിർശനങ്ങൾക്ക് മറുപടിയായി കെ.സി വേണുഗോപാൽ വ്യക്തമാക്കി. ദുർഭരണത്തിന്‍റെയും വാഗ്ദാന ലംഘനത്തിന്‍റെയും ആറ് വർഷങ്ങളാണ് കടന്ന് പോകുന്നതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു

മോദി സർക്കാരിന്‍റെ കീഴിൽ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ തകർന്നതായി കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല ചൂണ്ടിക്കാട്ടി. സി.എ.എയും എൻ.ആർ.സിയും പോലുള്ള ഭരണഘടനാ വിരുദ്ധ നിമഷങ്ങൾ നടപ്പിലാക്കാണ് സർക്കാർ താൽപ്പര്യം കാണിക്കുന്നത്. രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നതടക്കമുള്ള ഒരു വാഗ്ദാനവും നടപ്പിലാക്കാൻ മോദി സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും സുർജേവാല ചൂണ്ടിക്കാട്ടി.