അഗസ്റ്റവെസ്റ്റ്ലാന്‍ഡ് ആരോപണങ്ങളുടെ മുനയൊടിച്ച് കോണ്‍ഗ്രസ്

Jaihind Webdesk
Monday, December 31, 2018

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് സംബന്ധിച്ച ബി.ജെ.പി ആരോപണങ്ങളുടെ മുനയൊടിച്ച് കോണ്‍ഗ്രസ്. രാഷ്ട്രീയ താൽപര്യം ലക്ഷ്യമിട്ടാണ് ബി.ജെ.പിയുടെ നീക്കമെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ മിഷേലിൽ നിന്ന് തങ്ങൾക്കാവശ്യമായ മൊഴി തരപ്പെടുത്തുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. യാതൊരു തെളിവുകളുമില്ലാതെയാണ് ബി.ജെ.പി ആരോപണമുന്നയിക്കുന്നതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. അഗസ്റ്റ വെസ്റ്റ്ലാൻഡിന് മോദി സർക്കാർ ചെയ്തുകൊടുത്ത സഹായങ്ങൾ അക്കമിട്ട് നിരത്തിയ കോൺഗ്രസ് പ്രത്യാക്രമണത്തിനും മൂർച്ച കൂട്ടി.

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം മോദി സര്‍ക്കാരിനെയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെയും കളിയാക്കിക്കൊണ്ട് രംഗത്തെത്തി. യാതൊരു തെളിവുകളുമില്ലാതെ തന്നെ കേസുകളില്‍ വിധി പ്രസ്താവിക്കുന്ന ഒരു നാട്ടുക്കൂട്ട സംവിധാനം മോദി സര്‍ക്കാര്‍ രൂപപ്പെടുത്തിയിട്ടുണ്ട് എന്നായിരുന്നു അദ്ദേഹം പരിഹസിച്ചത്. യാഥാര്‍ഥ്യം എന്തെന്ന് പോലും അന്വേഷിക്കാതെ വ്യാജപ്രചാരണം നടത്തുന്ന ബി.ജെ.പിയെയും ചില മാധ്യമങ്ങളെയുമാണ് അദ്ദേഹം ഇതിലൂടെ തുറന്നുകാട്ടിയത്. പുതിയ സംവിധാനം ടി.വി ചാനലുകളിലൂടെയാണ് കേസുകള്‍ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. “എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വാക്കാല്‍ പറയുന്നത് തെളിവ്, ഒരു കഷണം പേപ്പര്‍ കാണിച്ചാല്‍ അത് രേഖാമൂലമുള്ള തെളിവ്, ഒടുവില്‍ ടി.വി ചാനലുകളിലൂടെ വിധി പ്രസ്താവം” – ചിദംബരം പറഞ്ഞു.

അഗസ്താ വെസ്റ്റ്‌ലാൻഡിന്‍റെ സംരക്ഷകരും പങ്കാളിയും മോദി സർക്കാരെന്ന് വ്യക്തമാക്കി കോൺഗ്രസ് വക്താവ് രൺദീപ്‌സിംഗ് സുർജേവാലയും രംഗത്തെത്തി. വെസ്റ്റ്‌ലാൻഡിനെ കരിമ്പട്ടികയിൽ നിന്ന് നീക്കിയ മോദി സർക്കാർ കമ്പനിയെ മേയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. യു.പി.എ സർക്കാർ കരിമ്പട്ടികയിൽപ്പെടുത്തിയ കമ്പനിയാണ് അഗസ്റ്റാ വെസ്റ്റ്ലാന്‍റ്. ഈ കമ്പനിയുടെ ലാഭം നേടിയത് നരേന്ദ്രമോദിയാണെന്നും സുർജേവാല വ്യക്തമാക്കി. കോൺഗ്രസ് നേതൃത്വത്തിനോ നേതാക്കൾക്കോ ഇതുമായി ബന്ധമില്ല. കമ്പനിയുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസിനെതിരെ ആരോപണം ഉന്നയിക്കാൻ മിഷേലിന് ബി.ജെ.പിയിൽ നിന്നും സമ്മർദമുണ്ടായതായി മിഷേലിന്‍റെ സഹോദരിയും അഭിഭാഷകനും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2019 ൽ ജനങ്ങൾ മോദി സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കും. തുടർന്നു വരുന്ന പുതിയ സർക്കാർ ഈ വിഷയത്തിൽ അന്വേഷണം നടത്തുമെന്നും സുർജേവാല വ്യക്തമാക്കി.

മോദി സര്‍ക്കാരിന്‍റെ റഫാൽ അഴിമതിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് നടത്തുന്ന കടന്നാക്രമണത്തില്‍ വിറളി പൂണ്ട ബി.ജെ.പി കിട്ടുന്നതെല്ലാം പിടിവള്ളിയാക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഇപ്പോള്‍ കാണാനാകുന്നത്. ദുര്‍ബലമായ ആരോപണങ്ങള്‍ ഉയര്‍ത്തി റഫാല്‍ അഴിമതിയില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള ബി.ജെ.പി ശ്രമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ശക്തമായി രംഗത്തെത്തിയതോടെ അഗസ്റ്റവെസ്റ്റ ഇടപാടില്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള മോദി സര്‍ക്കാരിന്‍റെ അവസാന ശ്രമവും പാളുകയാണ്.