‘കാവല്‍ക്കാരന്‍ കള്ളന്മാരുടെ രാജാവ്’ ; ലോക്പാല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

Jaihind Webdesk
Friday, March 22, 2019

randeep singh surjewala

‘കാരവൻ’ മാഗസിന്‍ പുറത്തുവിട്ട രേഖകളിൽ ലോക്പാൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്. കർണാടക മുഖ്യമന്ത്രിയാകാൻ യദ്യൂരപ്പ ബി.ജെ.പി നേതാക്കൾക്ക് കോടികൾ നൽകിയെന്ന് കോൺഗ്രസ് വക്താവ് രൺദീപ്സിംഗ് സുർജേവാല ആരോപിച്ചു. നരേന്ദ്രമോദി കള്ളന്മാരുടെ കാവൽക്കാരനാണെന്ന് കോൺഗ്രസ് പരിഹസിച്ചു.

ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനും ജഡ്ജിമാര്‍ക്കും ബി.ജെ.പി നേതാവ് യെദ്യൂരപ്പ 1,800 കോടി രൂപ കൈമാറിയെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ്  കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയത്. 2017 മുതല്‍ യെദ്യൂരപ്പയുടെ കയ്യൊപ്പോടുകൂടിയ ഡയറി ആദായനികുതി വകുപ്പിന്‍റെ പക്കലുണ്ടായിരുന്നു. എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും ഇക്കാര്യം അന്വേഷിക്കാതിരുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ചോദിച്ചു.

ആദായ നികുതി വകുപ്പിന്‍റെ പക്കലുളള ഡയറിയിലാണ് ബി.ജെ.പി കേന്ദ്രനേതാക്കള്‍ക്കും ജഡ്ജിമാർക്കും അഭിഭാഷകര്‍ക്കും ഉള്‍പ്പെടെ പണം നല്‍കിയതിന്‍റെ വിശദാംശങ്ങള്‍ ഉളളത്. 1,800 കോടി രൂപയോളം നല്‍കിയതായാണ് യെദ്യൂരപ്പ സ്വന്തം കൈപ്പടയില്‍ എഴുതിയ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 2009 ലെ ഡയറിയിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കാരവന്‍ മാഗസിനാണ് ഡയറിയുടെ പകര്‍പ്പ് പുറത്തുവിട്ടത്.

‘യെദ്യൂരപ്പയുടെ കയ്യൊപ്പോടുകൂടിയ ഡയറി 2017 മുതല്‍ ആദായനികുതിവകുപ്പിന്‍റെ കൈവശമുണ്ടായിരുന്നു. ഇത് ശരിയാണെങ്കില്‍ എന്തുകൊണ്ട് മോദിയും ബി.ജെ.പിയും അതിന്മേല്‍ അന്വേഷണം നടത്തിയില്ല? കണക്കുകള്‍ ശരിയാണോയെന്ന് ‘കാവല്‍ക്കാരന്‍’ മറുപടി പറയണം. കാവല്‍ക്കാരന്‍ കള്ളന്മാരുടെ രാജാവാണ്’ – സുര്‍ജേവാല  പരിഹസിച്ചു.

ബി.ജെ.പി കേന്ദ്രനേതൃത്വത്തിന് 1000 കോടി, ജഡ്ജിമാര്‍ക്ക് 500 കോടി, നിതിന്‍ ഗഡ്കരിക്കും അരുണ്‍ ജയ്റ്റ്ലിക്കും കൂടി 150 കോടി, രാജ്നാഥ് സിംഗിന് 100 കോടി, അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കുമായി 50 കോടി. ഗഡ്കരിയുടെ മകന്‍റെ വിവാഹത്തിന് 10 കോടി നല്‍കിയതായും ഡയറിയിലുണ്ട്.

ആദായനികുതിവകുപ്പിന് വ്യക്തമായ തെളിവുകള്‍ കിട്ടിയിട്ടും അന്വേഷണം പ്രഖ്യാപിക്കാതെ 1,800 കോടിയുടെ കോഴയ്ക്ക് കുടപിടിക്കുകയാണ് മോദി ചെയ്തതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. യെദ്യൂരപ്പ കടത്തിയ പണം കൊണ്ട് നേട്ടമുണ്ടായത് ആര്‍ക്കാണെന്നത് പുറത്ത് കൊണ്ടുവരണം. ലോക്പാലിന് അന്വേഷിക്കാന്‍ പറ്റിയ കേസ് ആണിതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല പറഞ്ഞു.

teevandi enkile ennodu para