പ്രിയങ്കാ ഗാന്ധിയുടെ വരവിന് ശേഷം കോണ്‍ഗ്രസില്‍ ചേര്‍ന്നത് 10 ലക്ഷം പേര്‍

Jaihind Webdesk
Saturday, March 9, 2019

പ്രിയങ്കാ ഗാന്ധിയുടെ കടന്നുവരവ് പാര്‍ട്ടിക്ക് പുത്തന്‍ ഉണര്‍വ് പകര്‍ന്നതായി കോണ്‍ഗ്രസ് ഡാറ്റ അനലറ്റിക്സ് വിഭാഗത്തിന്‍റെ കണക്കുകള്‍. ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധി എത്തിയതിന് പിന്നാലെ പാര്‍ട്ടിയിലേക്ക് പുതുതായി 10 ലക്ഷം പ്രവര്‍ത്തകര്‍ എത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രിയങ്കയ്ക്ക് ചുമതല നല്‍കിയ ഉത്തര്‍പ്രദേശില്‍ പ്രവര്‍ത്തകരുടെ എണ്ണത്തില്‍ വന്‍കുതിപ്പുണ്ടായെന്നും ഡാറ്റ അനലിറ്റിക്‌സ് വിഭാഗം പറയുന്നു.

ഉത്തര്‍പ്രദേശിലെ കണക്കുകള്‍ പരിശോധിച്ചാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ എണ്ണം ഇരട്ടിയിലധികമായി കാണാനാകും.  നേരത്തെ ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ എണ്ണം 1,50,000 ആയിരുന്നു. പ്രിയങ്കയുടെ വരവിന് ശേഷം ഇത് 3,50,000 ആയി ഉയര്‍ന്നു.

തമിഴ്നാട്ടിലും പുതുതായി കോണ്‍ഗ്രസിലേക്കെത്തിയവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായി. 2,50,000 പേരാണ് കോണ്‍ഗ്രസിലേക്ക് പുതുതായി എത്തിയത്. ആകെ കണക്ക് പരിശോധിച്ചാല്‍ രാജ്യമൊട്ടാകെ 10 ലക്ഷം പേരാണ് കോണ്‍ഗ്രസിലേക്ക് പുതുതായി എത്തിച്ചേര്‍ന്നത്. പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് ഒരുമാസത്തിന് ശേഷമുള്ള കണക്കാണിത്. ജനുവരി 23നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കിഴക്കന്‍ യു.പിയുടെ ചുമതലയുള്ളഎ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധിയെ നിയമിച്ചത്. ഫെബ്രുവരി ആറിനാണ് പ്രിയങ്കാ ഔദ്യോഗികമായി ചുമതലയേറ്റെടുത്തത്.

“പ്രിയങ്കാ ഗാന്ധിയുടെ നിയമനത്തിന് ശേഷം സംഘടനയില്‍ വലിയ ഉണര്‍വുണ്ടായിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും പ്രകടമായ മാറ്റമാണ് കാണാനാകുന്നത്. ഉത്തര്‍പ്രദേശില്‍ മാത്രമല്ല, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്” – കോണ്‍ഗ്രസ് ഡാറ്റ അനലറ്റിക്സ് വിഭാഗം തലവന്‍ പ്രവീണ്‍ ചക്രവര്‍ത്തി വ്യക്തമാക്കി.

ശക്തി ആപ് വഴിയാണ് കോണ്‍ഗ്രസിലേക്ക് പുതുതായി എത്തുന്നവരുടെ കണക്ക് കൃത്യമായി കണക്കാക്കുന്നത്. താഴേത്തട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരുമായി സംവദിക്കാന്‍ പ്രിയങ്ക സമയം കണ്ടെത്തുന്നുണ്ട്. യു.പിയില്‍ ബൂത്ത് തലത്തില്‍ പ്രവര്‍ത്തകരുമായി സംവദിക്കുന്നതിനായി ലഖ്‌നൗവില്‍ കോള്‍ സെന്‍ററും പ്രിയങ്കാ ഗാന്ധി സ്ഥാപിച്ചിട്ടുണ്ട്.[yop_poll id=2]