കോണ്‍ഗ്രസ് സ്ഥാപകദിനം 28ന്

Jaihind News Bureau
Saturday, December 26, 2020

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ 136 മത് സ്ഥാപകദിനം വിപുലമായി ആഘോഷിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍ അറിയിച്ചു.ഡിസംബര്‍ 28ന് എല്ലാ ഡിസിസി ബ്ലോക്ക് മണ്ഡലം ബൂത്ത് തലത്തില്‍ പാര്‍ട്ടി പതാക ഉയര്‍ത്തുകയും, ജില്ലാ ആസ്ഥാനങ്ങളില്‍ പാര്‍ട്ടി പതാകയേന്തി ത്രിവര്‍ണ്ണ റാലി നടത്തുകയും ചെയ്യും.

കെപിസിസി ആസ്ഥാനത്ത് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ സ്ഥാപകദിന ആഘോഷത്തില്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ത്രിവര്‍ണ്ണ റാലി രാവിലെ 10ന് കെപിസിസി ആസ്ഥാനത്ത് നിന്നും ആരംഭിച്ച് രക്തസാക്ഷി മണ്ഡപത്തില്‍ സമാപിക്കും. റാലിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ പങ്കെടുക്കും.

വിവിധ തലങ്ങളില്‍ എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍, ഡിസിസി, ബ്ലോക്ക് മണ്ഡലം പ്രസിഡന്‍റ്മാര്‍, ഭാരവാഹികള്‍, തദ്ദേശസ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ എന്നിവര്‍ ത്രിവര്‍ണ്ണ റാലിക്ക് നേതൃത്വം നല്‍കുമെന്നും അനില്‍കുമാര്‍ പറഞ്ഞു.