ജന്മദിന നിറവില്‍ കോണ്‍ഗ്രസ്; വിപുലമായ ആഘോഷ പരിപാടികള്‍

 

കണ്ണൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ 139-ാം സ്ഥാപക ദിനാഘോഷത്തിന്. കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്ഥാപകദിനാഘോഷം കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ മതേതരത്വം ശക്തിപ്പെടുത്താൻ ആത്മസമർപ്പണത്തിന്‍റെ പ്രതീകമായി ഓരോ കോൺഗ്രസ് പ്രവർത്തകനും മാറണമെന്ന് കെ. സുധാകരൻ ആഹ്വാനം ചെയ്തു.

കണ്ണൂർ ഡിസിസി ഓഫീസ് അങ്കണത്തിൽ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി പതാക ഉയർത്തിയതോടെയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ജന്മദിന ആഘോഷങ്ങൾക്ക് തുടക്കമായത്. കെപിസിസി പ്രസിഡന്‍റ് ജന്മദിന സന്ദേശം കൈമാറി. ജന്മദിന കേക്ക് മുറിച്ചതിന് പിന്നാലെ സേവാദൾ വളണ്ടിയർ മാർച്ചും കോൺഗ്രസിന്‍റെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ സ്റ്റേഡിയം കോർണറിലേക്ക് ജന്മദിന സന്ദേശ റാലിയും നടന്നു.

കണ്ണൂർ ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് ഉൾപ്പെടെയുള്ള നേതാക്കൾ പരിപാടിക്ക് നേതൃത്വം നൽകി. കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്റ്റേഡിയം കോർണറിൽ നടന്ന ആഘോഷ പരിപാടിയിൽ 139 പതാക ഉയർത്തി. പ്രവർത്തകർ പ്രതിജ്ഞ എടുത്തു. സജീവ് ജോസഫ് എംഎൽഎ, പി.എം. നിയാസ്, മേയർ ടി.ഒ. മോഹനൻ ഉൾപ്പടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. കണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പായസവിതരണവും നടന്നു.

Comments (0)
Add Comment