തിരുവനന്തപുരം: മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്‍റെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്. മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് മണ്ഡലംതലത്തില്‍ കോണ്‍ഗ്രസിന്ന് പ്രതിഷേധ തീപ്പന്തം സംഘടിപ്പിക്കും. രാഷ്ട്രീയ ലാഭത്തിനായി തൃശൂര്‍ പൂരം കലക്കിയ ഗൂഢാലോചനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തര വകുപ്പിന്‍റെ ക്രിമിനല്‍വല്‍ക്കണം അവസാനിപ്പിക്കുക, വിലക്കയറ്റം നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തരമായി പൊതു വിപണിയില്‍ ഇടപെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ തീപന്തം കൊളുത്തി പ്രതിഷേധ ജാഥകൾ സംഘടിപ്പിക്കും.
പ്രതിഷേധ തീ പന്ത ത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി നിർവ്വഹിക്കും. വൈകുന്നേരം 6 മണിക്ക് ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ തീപ്പന്തത്തിന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികൾ നേതൃത്വം നല്‍കും.ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ തീപ്പന്തത്തിന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
എഡിജിപി എംആർ അജിത്കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് അബിൻ വർക്കിയെ പോലീസ് വളരെ ക്രൂരമായി വളഞ്ഞിട്ട് തല്ലിയതോടെ കോൺഗ്രസ് നേതാക്കൾ സ്ഥലത്തെത്തുകയും സമരം കോൺഗ്രസ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.