ഭീകരര്‍ക്ക് എതിരെയുളള പോരാട്ടത്തില്‍ എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

Jaihind Webdesk
Saturday, February 16, 2019

ന്യൂഡല്‍ഹി: ഭീകരര്‍ക്ക് എതിരെയുളള പോരാട്ടത്തില്‍ കേന്ദ്രസര്‍ക്കാരിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചത്. കേന്ദ്ര ആഭ്യന്തമന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവത്യാഗത്തിന് ഇടയാക്കിയ ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് സര്‍വകക്ഷിയോഗം പ്രമേയം പാസാക്കി.

രാജ്യത്തിന്റെ ഐക്യവും സുരക്ഷയും കാത്തുസൂക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിനും സുരക്ഷാസേനയ്ക്കും ഒപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് മാധ്യമങ്ങളോട് പറഞ്ഞു. കശ്മീരിലോ രാജ്യത്തിന്റെ മറ്റ് എവിടെയെങ്കിലോ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ നടക്കുന്ന പോരാട്ടത്തിന് സര്‍ക്കാരിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

പുല്‍വാമാ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ, പ്രാദേശിക പാര്‍ട്ടികളുടെ അധ്യക്ഷന്മാരെ പങ്കെടുപ്പിച്ച് കൊണ്ട് സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കണമെന്ന് ആഭ്യന്തരമന്ത്രി യോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.