സ്ത്രീകള്‍ക്ക് മാസംതോറും 2500 രൂപ, സൗജന്യ യാത്ര, സൗജന്യ വൈദ്യുതി, കർഷകർക്കും വിദ്യാർത്ഥികള്‍ക്കും ധനസഹായം; തെലങ്കാനയില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ്

 

ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയില്‍ ജനപ്രിയ വാഗ്ദാനങ്ങളുമായി പ്രകടനപത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. ‘അഭയ ഹസ്തം’ എന്ന പേരില്‍ ആറ് വാഗ്ദാനങ്ങള്‍ മുന്നോട്ടുവെക്കുന്ന പ്രകടനപത്രിക കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പുറത്തിറക്കി. സമഗ്രമായ ജനക്ഷേമം മുന്‍നിർത്തുന്ന വമ്പന്‍ വാഗ്ദാനങ്ങള്‍ മുന്നോട്ടുവെക്കുന്നതാണ് പ്രകടനപത്രിക.

‘മഹാലക്ഷ്മി’ പദ്ധതി പ്രകാരം സ്ത്രീകള്‍ക്ക് മാസംതോറും 2,500 രൂപ ധനസഹായം, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍, സംസ്ഥാനത്തുടനീളം ടിഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര എന്നിവയാണ് പ്രധാന വാഗ്ദാനങ്ങള്‍. കൃഷിക്കാർക്കായി പ്രത്യേക പരിഗണനയും കോണ്‍ഗ്രസ് പ്രകടനപത്രികയിലുണ്ട്. കൃഷിക്കാര്‍ക്കും പാട്ടകൃഷി ചെയ്യുന്നവര്‍ക്കും ഒരു ഏക്കറിന് 15,000 രൂപ, കര്‍ഷകത്തൊഴിലാളികള്‍ക്ക് 12,000 രൂപ എന്നിങ്ങനെ എല്ലാ വര്‍ഷവും ധനസഹായം നല്‍കും. അധികാരത്തിലെത്തിയാല്‍ ‘ഗൃഹ ജ്യോതി’ പദ്ധതിയുടെ ഉപഭോക്താക്കള്‍ക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതിയും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു.

വീടില്ലാത്ത കുടുംബങ്ങള്‍ക്ക് വീടുവെക്കാന്‍ സ്ഥലം, വീടു നിര്‍മ്മാണത്തിനായി അഞ്ചു ലക്ഷം രൂപ ധനസഹായവും കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ‘യുവ വികാസം’ പദ്ധതി പ്രകാരം അഞ്ചു ലക്ഷം രൂപയുടെ ധനസഹായം, മുതിര്‍ന്ന പൗരര്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍, ബീഡി തൊഴിലാളികള്‍, ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകള്‍, നെയ്ത്തുകാര്‍, എയ്ഡ്‌സ് രോഗികള്‍, കിഡ്‌നി രോഗികള്‍ തുടങ്ങിയവർക്ക് ‘ചേയുത’ പദ്ധതി പ്രകാരം മാസം 4,000 രൂപ പെന്‍ഷന്‍ എന്നിവയും കോണ്‍ഗ്രസ് പ്രകടനപത്രികയിലൂടെ അവതരിപ്പിച്ചു. നവംബർ 30-നാണ് തെലങ്കാനയിലെ വോട്ടെടുപ്പ്. ഡിസംബർ മൂന്നിന് ഫലമറിയാം.

Comments (0)
Add Comment