ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയുമായുള്ള സീറ്റ് വിഭജനത്തിന് അന്തിമരൂപം നൽകി കോൺഗ്രസ്. തമിഴ്‌നാട്ടിൽ ഒമ്പത് സീറ്റിലും പുതുച്ചേരിയിൽ ഒരു സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കും. ഡിഎംകെ നേതാക്കളുമായി സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.
തമിഴ്നാട്ടിൽ 9 സീറ്റിലും പുതുച്ചേരിയിൽ ഒരു സീറ്റിലും കോൺഗ്രസ് മത്സരിക്കുമെന്ന് ചർച്ചയ്ക്ക് ശേഷം ചെന്നൈയിൽ മാധ്യമങ്ങളെ കണ്ട എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചു. 2019-ൽ ഒമ്പത് സീറ്റിൽ എട്ട് സീറ്റും കോൺഗ്രസ് ജയിച്ചിരുന്നു. ഡിഎംകെയുമായുള്ള സഖ്യം തുടരാനാകുന്നതിലും ബിജെപിക്കെതിരെ ഒരുമിച്ച് പോരാടാനാകുന്നതിലും കോൺഗ്രസിന് സന്തോഷമുണ്ടെന്നും മത്സരിക്കുന്ന എല്ലാ സീറ്റിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജയിക്കുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. മോദിയുടെ ധിക്കാരപരമായ ഭരണം രാജ്യമൊട്ടാകെ നാശം വിതച്ചു. തമിഴ്നാടിനോട് കേന്ദ്രത്തിന് ചിറ്റമ്മനയമാണ്. ഇത് അവസാനിപ്പിക്കണമെന്നും തങ്ങള്‍ ഒറ്റക്കെട്ടായി പോരാടി കേന്ദ്രത്തെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.