സംഭാവന നല്‍കിയതില്‍ പലതും ‘മോദാനി’ കമ്പനികള്‍; ബിജെപി ഇലക്ടറല്‍ ബോണ്ടില്‍ അഴിമതി നടത്തി, അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

 

ന്യൂഡല്‍ഹി: ഇലക്ടറൽ ബോണ്ടിൽ സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ്. ഇലക്ടറൽ ബോണ്ട് അഴിമതിയിൽ പ്രധാനമന്ത്രിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ആവശ്യപ്പെട്ടു.

ഇലക്ടറല്‍ ബോണ്ട് വിഷയം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണം. സിബിഐ, ഇഡി അടക്കം അന്വേഷണ ഏജൻസികളുടെ പ്രവർത്തനം അന്വേഷണപരിധിയിൽ കൊണ്ടുവരണമെന്നും ജയ്റാം രമേശ് പറഞ്ഞു. അദാനിയുടെ പങ്ക് നേരിട്ട് വ്യക്തമാകുന്നില്ലെന്നേയുള്ളൂ. സംഭാവന നൽകിയതിൽ പലതും മോദിയും അദാനിയും ചേർന്ന ‘മോദാനി’ കമ്പനികളാണെന്നും ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.

ഇലക്ടറൽ ബോണ്ടിലൂടെ ബിജെപി അഴിമതി നടത്തുകയായിരുന്നുവെന്ന് ജയ്റാം രമേശ് ആരോപിച്ചു. കമ്പനികളെ ഭീഷണിപ്പെടുത്തി ബിജെപി പണം വാങ്ങി. അന്വേഷണ ഏജൻസികളെ ഉപയോഗിത്ത് ഭയപ്പെടുത്തി. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് മാത്രം ബിജെപി 1853 കോടി രൂപ പിടിച്ചെടുത്തു. ഇലക്ടറൽ ബോണ്ടിനെ അഴിമതിക്കുള്ള ഉപാധിയാക്കിയത് മോദിയാണെന്നും ജയ്റാം രമേശ് ആരോപിച്ചു. ബോണ്ട് വിവരങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നതിൽ ഏറ്റവും കൂടുതൽ തുക ലഭിച്ചിരിക്കുന്നത് ബിജെപിക്കാണ്. ഇത് മറയ്ക്കാൻ വേണ്ടിയാണ് പ്രതിപക്ഷ പാർട്ടികളെയും നേതാക്കളെയും അന്വേഷണ പരിധിയിൽ കൊണ്ടുവരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Comments (0)
Add Comment