ക്വാറന്‍റൈന്‍ ചെലവ് സൗജന്യമാക്കണമെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ കോണ്‍ഗ്രസ്

Jaihind News Bureau
Wednesday, May 27, 2020

പ്രവാസികളുടെ ക്വാറന്‍റൈന്‍ ചെലവ് പൂര്‍ണ്ണമായും സൗജന്യമാക്കണമെന്നും ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണമെന്ന സര്‍ക്കാര്‍ നിബന്ധനയില്‍ ഇളവ് വരുത്തണമെന്ന് മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ജോലിയും വരുമാനവും നഷ്ടപ്പെട്ട് മടങ്ങിയെത്തുന്നവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണമെന്ന് യോഗത്തില്‍ പങ്കെടുത്ത് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അഭിപ്രായപ്പെട്ടു.

ഇന്‍കംടാക്‌സ് പരിധിയില്‍ ഉള്‍പ്പെടാത്ത പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും 10,000 രൂപയുടെ സാമ്പത്തിക സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം. കേന്ദ്രസര്‍ക്കാര്‍ പണം നല്‍കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ കേരള സര്‍ക്കാര്‍ അതിന് മുന്‍കൈയെടുക്കണം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഈ പദ്ധതി നടപ്പിലാക്കി കഴിഞ്ഞെന്നും തമ്പാനൂര്‍ രവി യോഗത്തെ അറിയിച്ചു.

പ്രവാസികള്‍, മറുനാടന്‍ മലയാളികള്‍ എന്നിവരെ കേരളത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി കൂടുതല്‍ വിമാന-ട്രെയിന്‍ സര്‍വീസുകള്‍ നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ഗള്‍ഫ് നാടുകളില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അര്‍ഹമായ സാമ്പത്തിക സഹായം നല്‍കണം.

കൊവിഡ് രോഗപരിശോധനാ കാര്യത്തില്‍ കേരളം പിന്നിലാണ്. ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം. അതിനായി രോഗപരിശോധനാ കിറ്റുകളും പി.പി.ഇ കിറ്റുകളും ലഭ്യമാക്കണം. ഇവ സംസ്ഥാനത്തിനകത്ത് കൂടുതല്‍ നിര്‍മ്മിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണം. സാനിറ്ററൈസര്‍, മാസ്‌ക് എന്നിവയുടെ ലഭ്യതയും ഉറപ്പുവരുത്തണം.

ആരോഗ്യപ്രവര്‍ത്തകര്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കും രോഗബാധയുണ്ടാകുന്നത് ആശങ്കാജനകമാണ്. അതിനെ ഫലപ്രദമായി നേരിടുന്നതിന് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണം.

കോഴിക്കോട്, മഞ്ചേരി, കളമശ്ശേരി, കൊല്ലം മെഡിക്കല്‍ കോളേജുകളിലും സംസ്ഥാനത്ത് പല ജില്ലാ താലൂക്ക് ആശുപത്രികളിലും കൊവിഡ് രോഗികളെ മാത്രം പരിശോധിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. കൊവിഡ് രോഗികളല്ലാത്തവര്‍ക്ക് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ചികിത്സലഭിക്കാത്ത സാഹചര്യമുണ്ട്. അത് പരിഹരിക്കാനായി പ്രത്യേക സംവിധാനം വേണം.

ഐ.എം.എ, ആരോഗ്യവിദഗ്ദ്ധര്‍ തുടങ്ങിയവരുടെ സേവനം ഫലപ്രദമായി ഉപയോഗിക്കുന്നതിനായി സംസ്ഥാന ജില്ലാതലത്തില്‍ പ്രത്യേക സമിതികള്‍ രൂപീകരിക്കണം. കൊവിഡ് രോഗവ്യാപന തോത് ക്രമാധീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഴക്കാലരോഗങ്ങള്‍ തടയുന്നതിന് കൂടുതല്‍ ജാഗ്രത സര്‍ക്കാര്‍ കാട്ടണം.

പരമ്പരാഗത തൊഴിലാളികളും മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടെയുള്ള മേഖലകളില്‍ തൊഴിലില്ലായ്മയും പട്ടിണിയും വര്‍ധിക്കുന്നു. ഇവര്‍ക്ക് അടിയന്തിര സാമ്പത്തിക സഹായം നല്‍കണം. സൗജന്യ അരി ഭക്ഷ്യധാന്യ കിറ്റ് എന്നിവ വീണ്ടും വിതരണം ചെയ്യണം. മറ്റുമേഖലകളിലെ ചെലവു ചുരിക്കി അതിന് വേണ്ട പണം കണ്ടെത്തണമെന്നും തമ്പാനൂര്‍ രവി യോഗത്തില്‍ അഭിപ്രായപ്പെട്ടു.

കൊവിഡ് രോഗവ്യാപനം ശക്തിപ്രാപിക്കുന്നതിനാല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കണം. ബോധവത്ക്കരണത്തിന് കൂടുതല്‍ പ്രധാന്യം നല്‍കണം. സര്‍ക്കാര്‍ തലത്തില്‍ രൂപീകരിക്കുന്ന കമ്മിറ്റികളില്‍ എം.പിമാരുടെ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തണമെന്നും തമ്പാനൂര്‍ രവി പറഞ്ഞു.