ദുരന്തനിവാരണ ഗ്രൂപ്പിൽ അശ്ലീല ഫോട്ടോ; പോസ്റ്റിട്ട സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

Jaihind News Bureau
Wednesday, August 12, 2020

ദുരന്തനിവാരണ ഏകോപന ഗ്രൂപ്പിൽ അശ്ലീല ഫോട്ടോ പോസ്റ്റ് ചെയ്ത സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. വയനാട്ടില്‍ ദുരന്തനിവാരണ പ്രവര്‍ത്തന ഏകോപനത്തിനായി ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് പ്ലാന്‍ എന്ന പേരില്‍ രൂപീകരിച്ച വാട്സ് ആപ്പ് ഗ്രൂപ്പിലേയ്ക്കാണ് മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൂടിയായ മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.ഭരതന്‍ അശ്ലീല ഫോട്ടോ അയച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരും അടങ്ങിയതാണ് ഗ്രൂപ്പ്.

ജില്ലാ പ്ലാനിങ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഭൂരിഭാഗം അംഗങ്ങളും ഇതോടെ ഗ്രൂപ്പ് വിട്ടു. മറ്റൊരാള്‍ അയച്ചുതന്ന ഫോട്ടോ അബദ്ധത്തില്‍ ഇട്ടുപോയതാണെന്നും അഡ്മിന്‍ ഡിലീറ്റ് ചെയ്യണമെന്നും പിന്നീട് പ്രസിഡന്‍റ് ഗ്രൂപ്പില്‍ മറുപടി നല്‍കി. വനിതകളും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ അശ്ശീല ചിത്രം ഇട്ട സിപിഎം നേതാവായ പ്രസിഡന്‍റിനെതിരെ നടപടി വേണമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.