ബി.ജെ.പിയുടെ ധ്രുവീകരണ അജണ്ട കലാപത്തിന് കാരണമായി ; ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത് ഷാ രാജി വെക്കണം : ഡല്‍ഹി കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് | Video

Jaihind News Bureau
Monday, March 9, 2020

ന്യൂഡല്‍ഹി : ഡൽഹി കലാപത്തിൽ ബിജെപിയെ പ്രതിക്കൂട്ടിൽ നിർത്തി കോൺഗ്രസിന്‍റെ അന്വേഷണ റിപ്പോർട്ട്. ബി.ജെ.പിയുടെ ധ്രുവീകരണ അജണ്ട കലാപത്തിന് കാരണമായെന്ന് സമിതി അംഗം മുകുൾ വാസ്നിക് പറഞ്ഞു.

ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ബി.ജെ.പിയുടെ ബോധപൂർവമായ ശ്രമമായിരുന്നു കലാപം. കലാപത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണം. ബി.ജെ.പി നേതാക്കൾക്കും കേന്ദ്ര മന്ത്രിമാർക്കുമെതിരെ കേസ് എടുക്കണം. സംഭവത്തില്‍ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും മുകുൾ വാസ്നിക് ആവശ്യപ്പെട്ടു.

ഡല്‍ഹി കലാപത്തിലേക്ക് നയിച്ച കാരണങ്ങളെ പറ്റി പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ കണ്ടെത്തലുകള്‍ വിശദീകരിക്കുകയായിരുന്നു മുകുള്‍ വാസ്നിക്. കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് സമിതി റിപ്പോര്‍ട്ട് തയാറാക്കിയത്.