പാർലമെന്‍റിലുണ്ടായ സുരക്ഷാ വീഴ്ചയില്‍ പോലീസിനെതിരെ വിമർശനവുമായി കോൺഗ്രസ്. സുരക്ഷാ വീഴ്ചയുണ്ടായപ്പോൾ ഉദ്യോഗസ്ഥർ എവിടെയായിരുന്നുവെന്നാണ് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി ചോദിച്ചത്. അംഗങ്ങൾ ഒട്ടും ഭയമില്ലാതെ ഇവരെ പിടികൂടി. പാർലമെന്‍റില്‍ കളർ സ്പ്രേയുമായി പ്രതിഷേധിച്ചവർ ഉയർത്തിയത് സർക്കാർ വിരുദ്ധ മുദ്രാവാക്യമാണെന്നാണ് പോലീസ് പറയുന്നത്.
ഏകാധിപത്യം അനുവദിക്കില്ല എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധക്കാർ ചാടിവീണത്. ‘താനാശാഹീ നഹീ ചലേഗി’ എന്നാണ് ഇവർ മുദ്രാവാക്യമുയർത്തിയത്. ഷൂസിനുള്ളിലാണ് ഇവർ സ്പ്രേ സൂക്ഷിച്ചത്. കളർസ്പ്രേയുമായി രണ്ട് പേർ പാർലമെന്‍റിന് പുറത്തും പ്രതിഷേധിച്ചു. പാർലമെന്‍റിന് പുറത്ത് പ്രതിഷേധിച്ചവരിൽ നീലം, അമോൽ ഷിൻഡെ എന്നിവർ പിടിയിലായി. അറസ്റ്റിലായ നാലു പേരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നുണ്ട്.
ലോക്‌സഭാ നടപടികള്‍ നടക്കുന്നതിനിടെ രണ്ട് പേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടി. ഇതോടെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. ഗാലറിയില്‍ നിന്ന് ചാടിയവരില്‍ നിന്ന് മഞ്ഞനിറത്തിലുള്ള സ്പ്രേ പിടികൂടിയിട്ടുണ്ട്. ശൂന്യവേള നടക്കുന്നതിനിടെയാണ് സംഭവം. രണ്ടു പേരാണ് സന്ദർശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടിയത്. എം.പിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇവരെ പിടികൂടുകയായിരുന്നു.
സന്ദർശകരായി ഗാലറിയിലേക്ക് പ്രവേശിച്ചവരാണ് നടുത്തളത്തിലേക്ക് ചാടിയത്. ഇവര്‍ മഞ്ഞ നിറത്തിലുള്ള പുകയുള്ള കളർ പോപ്അപ്പ് കത്തിച്ചു. എംപിമാരുടെ കസേരകളിലേക്കാണ് ഇവർ ചാടിയത്. സഭാഹാളില്‍ മഞ്ഞനിറമുള്ള പുക ഉയര്‍ന്നതായി എംപിമാര്‍ പറഞ്ഞു. പാര്‍ലമെന്‍റിന് പുറത്ത് കളര്‍ ബോംബ് പ്രയോഗിച്ചവരും പിടിയിലായിട്ടുണ്ട്. ഒരു സ്ത്രീയടക്കം രണ്ടുപേരാണ് പിടിയിലായത്. പാര്‍ലമെന്‍റ് ആക്രമണത്തിന്‍റെ വാര്‍ഷിക ദിനത്തിലാണ് സുരക്ഷാ വീഴ്ച.