പൊതുജനങ്ങളെ ആശങ്കപ്പെടുത്തുന്ന പ്രശ്നങ്ങൾക്ക് പരിഹാരവുമായി കോൺഗ്രസിന്‍റെ ‘ദേശ് കീ ബാത്ത്’; പരിപാടിക്ക് തുടക്കമിട്ട് പവന്‍ ഖേര

Jaihind News Bureau
Saturday, October 26, 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ “മൻ കി ബാത്ത്” എന്ന പ്രതിമാസ റേഡിയോ പ്രസംഗത്തെ പ്രതിരോധിക്കാന്‍ കോൺഗ്രസിന്‍റെ പുതിയ ടോക് ഷോ. “ദേശ്-കി-ബാത്ത്” എന്ന പേരിലുള്ള പരിപാടിക്ക് ഇന്ന് തുടക്കമായി. ഇത് പാര്‍ട്ടിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്യുന്നുണ്ട്. രാവിലെ 11 മണിയ്ക്ക് ആദ്യ എപ്പിസോഡ് പാർട്ടി വക്താവ് പവൻ ഖേര അവതരിപ്പിക്കുന്നു.

രാജ്യത്തെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു കോൺഗ്രസ് നേതാക്കൾ സംസാരിക്കുന്ന പരിപാടിയാണ് പദ്ധതിയിലൂടെ മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് ലക്ഷ്യമിടുന്നത്. കോൺ‍ഗ്രസിന്‍റെ യൂ ട്യൂബ്, ഫെയ്സ്ബുക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം പേജുകളിലൂടെയായിരിക്കും ‘ദേശ് കി ബാത്ത്’ പരിപാടി ജനങ്ങളിലേക്ക് എത്തിക്കുക.

ഹരിയാന മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നടത്തിയ തെരഞ്ഞെടുപ്പ് മുന്നേറ്റത്തിന്‍റെ പശ്ചാത്തലത്തിൽ പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് കോണ്‍ഗ്രസ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തോടെ, ജനങ്ങളുടെ നിലപാട് വ്യക്തമാണെന്നും ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്നും സർക്കാറിന് ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോൺഗ്രസിന് വർദ്ധിച്ചുവരുന്ന ജന പിന്തുണ ആളുകൾ പാർട്ടിയിൽ വിശ്വാസം അർപ്പിക്കുന്നതിന്‍റെ സൂചനയാണെന്നും കോൺഗ്രസ് വ്യക്തമാക്കി.

രാജ്യത്തെ ഉത്തരവാദിത്തമുള്ള പ്രതിപക്ഷം എന്ന നിലയിൽ കോൺഗ്രസ് പൊതുജനങ്ങളെ ആശങ്കപ്പെടുത്തുന്ന പ്രശ്നങ്ങൾ ദേശ്കി ബാത്തിലൂടെ ഉന്നയിക്കും. ഓരോ എപ്പിസോഡും ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കും.