ഉദയ്പൂരില്‍ ഉത്സവാന്തരീക്ഷം; കോണ്‍ഗ്രസിന് പുതു ഊര്‍ജം പകരാന്‍ ചിന്തന്‍ ശിവിര്‍

ഉദയ്പൂര്‍: കോൺഗ്രസിനെ അടിമുടി ശക്തിപ്പെടുത്താനുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്കരിക്കാന്‍ ചിന്തന്‍ ശിവിറിന് ഇന്ന് തുടക്കം. മെയ് 15 വരെ നീണ്ടുനിൽക്കുന്ന സമ്മേളനത്തില്‍ പാർട്ടിക്ക് കൂടുതല്‍ കരുത്തും കര്‍മ്മശേഷിയും കൈവരുത്തുന്നതിനായുള്ള  സമഗ്ര ചർച്ചകൾ നടക്കും. രാജസ്ഥാനിലെ ഉദയ്പൂരിലാണ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ചിന്തന്‍ ശിവിര്‍ നടക്കുന്നത്.

വെളളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രസംഗത്തോടെയാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ചിന്തൻ ശിവിറിന് തുടക്കമാകുന്നത്. പാർട്ടിയെ സംഘടനാ തലത്തിൽ ശക്തിപ്പെടുത്താനും തെരഞ്ഞടുപ്പിൽ ആവിഷ്‌കരിക്കേണ്ട തന്ത്രങ്ങൾ രൂപപ്പെടുത്താനുമുള്ള പദ്ധതികൾക്കായിരിക്കും ചർച്ചയിൽ പ്രാമുഖ്യം നൽകുക. സംഘടനാ വിഷയങ്ങളും രാജ്യത്തെ പ്രധാന സാമൂഹിക വിഷയങ്ങളും ചിന്തന്‍ ശിവിര്‍ ചര്‍ച്ച ചെയ്യും. വിവിധ മേഖലകളിലായി രൂപീകരിച്ചിരിക്കുന്ന ആറ് സമിതികള്‍ ചിന്തന്‍ ശിവിറിലെ ചര്‍ച്ചകള്‍ക്ക് വഴിതെളിക്കും.

ശിവിറിന് മുന്നോടിയായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദേശപ്രകാരം രൂപീകരിച്ച ആറ് സമിതികൾ പ്രമേയങ്ങള്‍ അവതരിപ്പിക്കും. രാഷ്ട്രീയം, സംഘടന, സാമൂഹിക നീതിയും ശാക്തീകരണവും, സാമ്പത്തികം, യുവജനക്ഷേമം, കാർഷിക മേഖല എന്നിങ്ങനെയുള്ള ആറ് സമിതികളാണ് രൂപീകരിച്ചിട്ടുള്ളത്. ഈ സമിതികള്‍ അവതരിപ്പിക്കുന്ന പ്രമേയങ്ങളും അതിന്മേലുള്ള ചർച്ചകളും ചിന്തൻ ശിവിറിനെ മുന്നോട്ട് നയിക്കും. ഇതിലൂടെ ഉരുത്തിരിയുന്ന അഭിപ്രായങ്ങള്‍ കോണ്‍‌ഗ്രസ് പാര്‍ട്ടിയുടെ ഗതിവേഗത്തിന് പുതു ഊര്‍ജം പകരും.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി തുടങ്ങിയവരാണ് പരിപാടിക്ക് ചുക്കാൻ പിടിക്കുന്നത്. നീണ്ട ഒമ്പതു വർഷത്തിനു ശേഷമാണ് കോൺഗ്രസ് പാർട്ടി ഇത്തരത്തിലൊരു പരിപാടിയിൽ ഒത്തുചേരുന്നത്. ചിന്തന്‍ ശിവിര്‍ കോണ്‍ഗ്രസിന് കൂടുതല്‍ കരുത്തും ഗതിവേഗവും പകരുമെന്നതില്‍ സംശയമില്ല.

Comments (0)
Add Comment