എന്‍റെ ബൂത്ത്, എന്‍റെ അഭിമാനം ; കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികളുടെ പുനഃസംഘടന ഇന്ന്

Jaihind News Bureau
Tuesday, January 26, 2021

 

തിരുവനന്തപുരം : ‘എന്‍റെ ബൂത്ത്, എന്‍റെ അഭിമാനം’ എന്ന ക്യാമ്പയിന്റെ ഭാഗമായി റിപ്പബ്ലിക് ദിനമായ 26 ചൊവ്വാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് സംസ്ഥാനത്തൊട്ടാകെ എല്ലാ ബൂത്ത് കമ്മറ്റികളും പുനര്‍രൂപീകരണം നടത്തുകയും കേണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അവരവരുടെ സ്വന്തം ബൂത്തിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്യുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍ അറിയിച്ചു.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അദ്ദേഹത്തിന്റെ ബൂത്തായ ചോമ്പാലയില്‍ ചുമതല ഏറ്റെടുത്ത് കൊണ്ട് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെ 126-ാം നമ്പര്‍ അങ്ങാടി ബൂത്തിന്റെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മണ്ണാറശാല 51-ാം നമ്പര്‍ ബൂത്തിന്റെയും ചുമതല ഏറ്റെടുക്കും.

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കണ്ണൂരിലും, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കെ സുധാകരന്‍ എംപി കണ്ണൂര്‍ അസംബ്ലിയിലെ 132-ാം ബുത്തിലും കൊടിക്കുന്നില്‍ സുരേഷ് എംപി കൊട്ടാരക്കര കിഴക്കേകര ബൂത്തിലും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ ജഗതി ബൂത്തിലും കെ മുരളീധരന്‍ എംപി വടകര നഗരസഭയിലെ കരിമ്പന ബൂത്തിന്റെയും ചുമതല ഏറ്റെടുക്കും.

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍,പുതിയ ഭാരവാഹികള്‍,മുതിര്‍ന്ന പാര്‍ട്ടി അംഗങ്ങള്‍,വിദ്യാഭ്യാസ രംഗത്ത് ഉള്‍പ്പെടെ ഉന്നത വിജയം നേടിയവര്‍ തുടങ്ങിയവരെ ബൂത്ത് സമ്മേളനത്തില്‍ ആദരിക്കും.

ഓരോ ബൂത്തിന്റേയും ചുമതല മണ്ഡലം ഭാരവാഹികള്‍ മുതല്‍ കെ.പി.സി.സി. ഭാരവാഹികള്‍,എം.പിമാര്‍, എം.എല്‍.എമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് ബൂത്ത് കമ്മറ്റികളുടെ പുനര്‍രൂപീകരണം നടത്തുക.പുതിയ കമ്മറ്റിയുടെ ലിസ്റ്റ് ഈ മാസം 30നകം കെ.പി.സി.സിക്ക് കൈമാറും. ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി. സെക്രട്ടറിമാര്‍ക്കാണ് ഇതിന്റെ ഏകോപന ചുമതല.അതാതു സ്ഥലങ്ങളിലെ കോണ്‍ഗ്രസ് നേതാക്കള്‍, എല്ലാ പോഷകസംഘടനകളുടേയും, സെല്ലുകളുടേയും പ്രവര്‍ത്തകര്‍ ബൂത്ത് കമ്മറ്റി യോഗങ്ങളില്‍ പങ്കെടുക്കണമെന്നും അനില്‍ കുമാര്‍ അറിയിച്ചു.