ഹിമാചലില്‍ കോണ്‍ഗ്രസ് തേരോട്ടം: നദ്ദയുടെ തട്ടകത്തില്‍ നാണംകെട്ട് ബിജെപി; സം’പൂജ്യ’രായി ആപ്പ്

Jaihind Webdesk
Thursday, December 8, 2022

 

ഷിംല: ബിജെപിയെ നിലംപരിശാക്കി ഹിമാചലില്‍ കോണ്‍ഗ്രസ് തേരോട്ടം. കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റതിന് ശേഷം ലഭിച്ച വിജയം മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ  കിരീടത്തിലെ പൊന്‍തൂവലായി. ദേവഭൂമിയിലെ ത്രസിപ്പിക്കുന്ന വിജയത്തിന് പിന്നില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെയും പ്രവര്‍ത്തകരുടെയും കഠിനാധ്വാനമുണ്ട്. കോണ്‍ഗ്രസിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവിടെ ചുക്കാന്‍ പിടിച്ചത് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ്.

ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ ഹിമാചല്‍ പ്രദേശില്‍ 38 സീറ്റുകള്‍ നേടി കോൺഗ്രസ് അധികാരത്തിലേക്ക് എത്തുകയാണ്. 1985ന് ശേഷം ഒരു പാര്‍ട്ടിക്കും തുടര്‍ഭരണം ലഭിച്ചിട്ടില്ലാത്ത സംസ്ഥാനമാണ് ഹിമാചല്‍പ്രദേശ്. മോദി ഇഫക്ടോ അമിത് ഷായുടെ തന്ത്രമോ ഒന്നും കോണ്‍ഗ്രസിന്‍റെ പോരാട്ടവീര്യത്തിന് തടയിട്ടില്ല. ബിജെപി അധ്യക്ഷന്‍ സാക്ഷാല്‍ നദ്ദയുടെ തട്ടകത്തിലാണ് ബിജെപിയെ തകര്‍ത്തെറിഞ്ഞ് കോണ്‍ഗ്രസ് അധികാരത്തിലേക്ക് നടന്നുകയറുന്നത്. കോൺഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്‍റും പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചെയര്‍മാനുമായ സുഖ്​വീന്ദര്‍ സിംഗ് സുഖു, മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിംഗിന്‍റെ മകന്‍ വിക്രമാദിത്യ സിംഗ്, നാല് തവണ പ്രതിപക്ഷ നേതാവായ മുകേഷ് അഗ്‌നിഹോത്രി എന്നീ പ്രമുഖർ വിജയിച്ചവരിൽ ഉൾപ്പെടുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ കീഴില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രചാരണം നടത്തിയ കോൺഗ്രസ് കഴിഞ്ഞ തവണത്തേതിനേക്കാള്‍ 16 സീറ്റുകൾ കൂടി പിടിച്ചെടുത്തു. കഴിഞ്ഞ തവണ 21 സീറ്റുകളിലാണ് കോൺഗ്രസ് ജയിച്ചത്. പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കല്‍, സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ, 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, 680 കോടി രൂപയുടെ സ്റ്റാര്‍ട്ടപ്പ് ഫണ്ട്, ഒരു ലക്ഷം സര്‍ക്കാര്‍ ജോലി, യുവാക്കള്‍ക്ക് 5 ലക്ഷം തൊഴില്‍, ഓരോ നിയമസഭാ മണ്ഡലത്തിലും 4 വീതം ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍, മൊബൈല്‍ ചികിത്സാ ക്ലിനിക്കുകള്‍, ഫാം ഉടമകള്‍ക്ക് ഉല്‍പന്നങ്ങളുടെ വിലനിര്‍ണയാധികാരം തുടങ്ങിയ വാഗ്ദാനങ്ങളുമായായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രകടനപത്രിക.

ബിജെപി 27 സീറ്റുകൾ നേടി രണ്ടാമതെത്തിയപ്പോള്‍, ഹിമാചലില്‍ കന്നി അങ്കത്തിനിറങ്ങിയ ആം ആദ്മി പാര്‍ട്ടിക്ക് പച്ച തൊടാന്‍ കഴിഞ്ഞില്ല. ഗുജറാത്തിലേത് പോലെ ബിജെപിയുടെ ബി ടീമായി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യം തന്നെയാണ് ഇവിടെയും ആപ്പ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചത്. 67 സീറ്റുകളിലും എഎപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 44 സീറ്റും കോൺഗ്രസ് 21 സീറ്റും സിപിഎം ഒരു സീറ്റുമാണ് നേടിയത്. നവംബർ 12 ന് നടന്ന വോട്ടെടുപ്പില്‍ 74.05 ശതമാനമായിരുന്നു പോളിംഗ്. 2017ല്‍ 75.6 ശതമാനം ആയിരുന്നു പോളിംഗ്. 68 നിയമസഭാ മണ്ഡലങ്ങളിലേക്കായി 412 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മത്സരിച്ചത്. ഏക വ്യക്തിനിയമം, ആപ്പിള്‍ കര്‍ഷകരുടെ പ്രതിസന്ധി, പഴയ പെന്‍ഷന്‍ പദ്ധതി, വിലക്കയറ്റം, തൊഴിലില്ലായ്മ, അഗ്നിപഥ് എന്നിവയെല്ലാം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി. ഗുജറാത്തിലെ വിധിയെഴുത്തിനിടെയും ഹിമാചലില്‍ പൊരുതി നേടിയ വിജയം കോണ്‍ഗ്രസിന് കരുത്ത് പകരുന്നതാണ്.