ത്രിപുരയില്‍ വോട്ട് കുത്തനെ വര്‍ധിപ്പിച്ച് കോണ്‍ഗ്രസ്

Jaihind News Bureau
Saturday, September 28, 2019

congress001

ത്രിപുരയിലെ ബദ്ധാര്‍ഘട്ട് നിയമസഭ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 18 മടങ്ങ് വോട്ട് വര്‍ധിപ്പിച്ച് കോണ്‍ഗ്രസ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കേവലം 505 വോട്ടുകള്‍ മാത്രമാണ് കോണ്‍ഗ്രസ് മണ്ഡലത്തില്‍ നേടിയിരുന്നത്. 18 മടങ്ങ് വോട്ട് വര്‍ധിച്ച് ഇക്കുറി 9015 വോട്ടുകള്‍ നേടി.

ബദ്ധാര്‍ഘട്ട് നിയമസഭ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയാണ് വിജയിച്ചെങ്കിലും ഭൂരിപക്ഷം അത്ര കനത്തതല്ല. രണ്ടാം സ്ഥാനത്തെത്തിയ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി ബുള്‍തി ബിശ്വാസ് പരാജയപ്പെട്ടത് 5276 വോട്ടുകള്‍ക്കാണ്.

രണ്ട് പതിറ്റാണ്ടിലേറെ കമ്മ്യൂണിസ്റ്റ് പാർട്ടി തുടർച്ചയായി അധികാരത്തിലേറിയിരുന്ന ത്രിപുര 2018 മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ബിജെപി ഭരണത്തിലെത്തിയത്. പ്രാദേശിക പാര്‍ട്ടിയായ ഐപിഎഫ്ടിയുമായി ചേര്‍ന്നായിരുന്നു ത്രിപുരയിലെ കമ്മ്യൂണിസ്റ്റ് ഭരണം ബിജെപി അവസാനിപ്പിച്ചത്.

എന്നാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറെ പ്രതീക്ഷയേകുന്ന ജനവിധിയാണ് ഉപതെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ ഉണ്ടായത്. ഈ ജനവിധി ഊര്‍ജ്ജമാക്കി ത്രിപുരയില്‍ പുതിയ മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.