മഹാപ്രളയം: ആഗസ്റ്റ് 14 ന് പത്തിടങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ കൂട്ടായ്മ

Jaihind Webdesk
Thursday, August 1, 2019

 

മഹാപ്രളയത്തിന്റെ ഒന്നാം വാര്‍ഷിക ദിനമായ ആഗസ്റ്റ് 14 ന് രാവിലെ 10 മണിക്ക് പത്തിടങ്ങളില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.
വയനാട് (പനമരം)മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.പി.സി.സി.പ്രസിഡന്റ്, പത്തനംതിട്ട (റാന്നി) ഉമ്മന്‍ചാണ്ടി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി, ഹരിപ്പാട് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ്, കുട്ടനാട് കെ.സി.ജോസഫ് എം.എല്‍.എ., ചെങ്ങന്നൂര്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി. കെ.പി.സി.സി.വര്‍ക്കിംഗ് പ്രസിഡന്റ്, ആറന്മുള പ്രൊഫ.പി.ജെ.കുര്യന്‍, ചാലക്കുടി കെ.സുധാകരന്‍ എം.പി. കെ.പി.സി.സി.വര്‍ക്കിംഗ് പ്രസിഡന്റ്, ആലുവ ബെന്നി ബഹന്നാന്‍ എം.പി. യു.ഡി.എഫ്. കണ്‍വീനര്‍, നോര്‍ത്ത് പറവൂര്‍ വി.ഡി.സതീശന്‍ എം.എല്‍.എ., അങ്കമാലി ഹൈബി ഈഡന്‍ എം.പി. എന്നിവര്‍ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും.

ഏഴായിരം കോടിയിലധികം രൂപ പ്രളയ ദുരിതാശ്വാസത്തിനായി വിവിധ സ്ഥാപനങ്ങളും വ്യക്തികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയായി നല്‍കിയിട്ടുണ്ടെങ്കിലും പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഇപ്പോഴും ആശ്വാസ സഹായം ലഭിച്ചിട്ടില്ലെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. പ്രളയ പുനരധിവാസ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടു പോലുമില്ല. പ്രളയക്കെടുതികള്‍ അനുഭവിച്ചവരും സമാശ്വാസ നടപടികള്‍ ലഭിക്കാത്തവരുമായ എല്ലാവരും പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുക്കുമെന്നും മുല്ലപ്പള്ളി അറിയിച്ചു.