പിഎം നരേന്ദ്ര മോദി വീണ്ടും വിവാദത്തിൽ; ചിത്രത്തിനെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

Jaihind Webdesk
Tuesday, March 26, 2019

പ്രധാനമന്ത്രിയുടെ ജീവചരിത്രം ഇതിവൃത്തമാകുന്ന പിഎം നരേന്ദ്ര മോദി എന്ന ചലച്ചിത്രത്തിനെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ചിത്രം പ്രദര്‍ശനത്തിനെത്തുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ചലച്ചിത്രത്തിന്‍റെ പ്രദര്‍ശനം ബി.ജെ.പിക്കെതിരായ പ്രചാരണായുധമാക്കാനാണ് കോണ്‍ഗ്രസ് നീക്കം.ഒമുങ് കുമാര്‍ സംവിധാനം ചെയ്യുന്ന പിഎം നരേന്ദ്ര മോദിയുടെ ട്രെയിലര്‍ ഇതിനകം പുറത്തിറങ്ങി. ബോളിവുഡ് താരം വിവേക് ഒബ്റോയിയാണ് മോദിയുടെ റോളിലെത്തുന്നത്.

കോൺഗ്രസ് നേതാക്കളായ കപിൽ സിബൽ, അഭിഷേക് മനു സിങ്‍വി, രണ്‍ദീപ് സിങ് സുര്‍ജെവാല എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. ചിത്രത്തിൻറ ഉള്ളടക്കവും പ്രദർശിപ്പിക്കുന്ന സമയവും പ്രേരണയും രാഷ്ട്രീയ പ്രേരിതമാണെന്നും ഇതൊരു കലാസൃഷ്ടി മാത്രമായി കാണാനാകില്ലെന്നും പരാതി നൽകിയ കോൺഗ്രസ് നേതാവ് കപിൽ സിബൽ പറഞ്ഞു. ചലച്ചിത്രത്തിന്‍റെ പിന്നണി പ്രവര്‍‍ത്തകരെല്ലാം ബി.ജെ.പി ബന്ധമുള്ളവരാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.