റാഞ്ചി : ജാർഖണ്ഡ് നിയമസബാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് സഖ്യത്തിന് മുന്നേറ്റം. 39 സീറ്റുകളില്‍ കോണ്‍ഗ്രസ്-ജെ.എം.എം-ആർ.ജെ.ഡി സഖ്യം മുന്നേറുമ്പോള്‍ 27 സീറ്റുകളില്‍ ബി.ജെ.പി സഖ്യവും മുന്നേറുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ രാജ്യവ്യാപക പ്രതിഷേധങ്ങൾക്കിടെയായിരുന്നു ജാർഖണ്ഡിലെ വോട്ടെടുപ്പ്. ദുംകയിൽ ജെ.എം.എം നേതാവ് ഹേമന്ത് സോറനും ജംഷഡ്പൂർ ഈസ്റ്റിൽ മുഖ്യമന്ത്രി രഘുബർ ദാസും ലീഡ് ചെയ്യുന്നു.
നേരത്തെ ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തിന് വിജയം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നിരുന്നു. 39 മുതല്‍ 50 വരെ സീറ്റുകള്‍ കോണ്‍ഗ്രസ്-ജാര്‍ഖണ്ഡ് മുക്തി മോർച്ച-ആര്.ജെ.ഡി സഖ്യം നേടുമ്പോള്‍ 22 മുതല്‍ 32 വരെ സീറ്റുകള്‍ മാത്രമേ ബി.ജെ.പിക്ക് നേടാനാകൂ എന്നാണ് സർവേ ഫലങ്ങള്‍ പ്രവചിച്ചത്. ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളിന്റേതാണ് പ്രവചനം.
81 സീറ്റുകളുള്ള ജാർഖണ്ഡ് നിയമസഭയിലേക്ക് അഞ്ച് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. ഡിസംബര്‍ 20 നായിരുന്നു അവസാന ഘട്ട വോട്ടെടുപ്പ്. 41 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. അധികാരത്തുടർച്ച തേടുന്ന ബി.ജെ.പിക്കും മുഖ്യമന്ത്രി രഘുബർ ദാസിനും ഒരുപോലെ രാഷ്ട്രീയ പരീക്ഷണമാണ് ഈ തെരഞ്ഞെടുപ്പ്.