ആലിബാബയെ നിരോധിക്കാത്തത് പേ.ടി.എമ്മില്‍ നിക്ഷേപമുള്ളതുകൊണ്ടോ? 59 എണ്ണം ഒഴികെയുള്ള ചൈനീസ് ആപ്പുകള്‍ ഭീഷണിയല്ലേ?; കേന്ദ്രത്തോട് കോണ്‍ഗ്രസ്

Jaihind News Bureau
Tuesday, June 30, 2020

 

ഇന്ത്യയില്‍ നിരോധിച്ച 59 എണ്ണം ഒഴികെയുള്ള ചൈനീസ് ആപ്പുകള്‍ ഭീഷണിയല്ലേയെന്ന് കേന്ദ്രസര്‍ക്കാരിനോട് കോണ്‍ഗ്രസ്. ആപ്പുകള്‍ നിരോധിച്ചത് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടി മാത്രമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പേ.ടി.എമ്മില്‍ നിക്ഷേപമുള്ളതുകൊണ്ടാണോ ചൈനീസ് കമ്പനി ആലിബാബയെ നിരോധിക്കാത്തതെന്നും വിപിഎന്‍ വഴി നിരോധിച്ച ആപ്പ് ലഭിക്കുന്നതിനെ എന്തുചെയ്യുമെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ചോദിച്ചു. പേ.ടി.എം ആപ്പ് നിരോധിക്കണമെന്ന് കോണ്‍ഗ്രസ് എം.പി മാണിക്കം ടാഗോറും ആവശ്യപ്പെട്ടിരുന്നു.

ബി.ജെ.പി ‘മേക്ക് ഇന്‍ ഇന്ത്യ’ എന്ന് പറയുകയും ‘ബൈം ഫ്രം ചൈന’ എന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്ന്  രാഹുല്‍ ഗാന്ധിയും വിമര്‍ശിച്ചു. യു പി എ ഭരണ കാലത്തും ബിജെപി ഭരണ കാലത്തും ചൈനയിൽ നിന്നുള്ള ഇറക്കുമതി വ്യക്തമാക്കുന്ന ഗ്രാഫ് ഉൾക്കൊള്ളിച്ചു കൊണ്ട് ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ വിമർശനം.