സംസ്ഥാന ബി.ജെ.പിയില്‍ ചേരിപ്പോര് രൂക്ഷം ; നാളെ നടത്താനിരുന്ന യോഗങ്ങള്‍ മാറ്റി

Jaihind News Bureau
Sunday, November 10, 2019

ബി.ജെ.പി കേരള ഘടകത്തിൽ പ്രതിസന്ധി രൂക്ഷം. ഇതേത്തുടര്‍ന്ന് സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാനായി നാളെ ചേരാനിരുന്ന സംസ്ഥാന കമ്മിറ്റി, കോര്‍ കമ്മിറ്റി യോഗങ്ങള്‍ മാറ്റിവച്ചു. പുതിയ അധ്യക്ഷനെ സംബന്ധിച്ച് ഗ്രൂപ്പുകൾ തമ്മിൽ ചേരിപ്പോര് രൂക്ഷമാണ്.

പി.എസ് ശ്രീധരൻ പിള്ള മിസോറാം ഗവർണറായതിനെ തുടർന്ന് ഒഴിഞ്ഞ അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്താൻ ഇതുവരെ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് സാധിച്ചിട്ടില്ല. പല ഗ്രൂപ്പുകളും പല പേരുകൾ മുന്നോട്ടു വെച്ചതോടെ ബി.ജെ.പിക്കുള്ളിൽ ചേരിപ്പോര് രൂക്ഷമായി. സമവായ ചർച്ചകൾക്കായാണ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് ഭാരവാഹി, കോർ കമ്മിറ്റി യോഗങ്ങൾ വിളിച്ചത്. നാളെ കേരളത്തിൽ എത്തി ചർച്ച നടത്താനായിരുന്നു തീരുമാനം. ഇതിന് മുന്നോടിയായി ആർ.എസ്.എസ് നേതൃത്വവുമായി ചർച്ച നടത്താനും തീരുമാനം ഉണ്ടായിരുന്നു . എന്നാൽ ആർ.എസ്.എസിന്‍റെ ഭാഗത്തുനിന്നുണ്ടായ കടുത്ത എതിർപ്പാണ് യോഗം മാറ്റാൻ കാരണമെന്നാണ് വിവരം. സന്തോഷുമായി ചർച്ചയ്ക്ക് തയാറല്ലെന്ന് സംസ്ഥാന ആർ.എസ്.എസ് നേതൃത്വം അറിയിച്ചതായും സൂചനയുണ്ട്.

വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാവുമെന്ന് പ്രതീക്ഷിച്ച കുമ്മനം രാജശേഖരനെ അവസാന നിമിഷം ഒഴിവാക്കിയതിലും ആർ.എസ്.എസിന് ഉള്ളിൽ കടുത്ത അമർഷമാണ് നിലനിൽക്കുന്നത്. എന്നാൽ അയോധ്യാ കേസിലെ വിധിയുമായി ബന്ധപ്പെട്ട് ബി.എൽ സന്തോഷ് ഡൽഹിയിൽ തങ്ങുന്നതാണ് യോഗം മാറ്റിവെക്കാൻ കാരണമായി ബി.ജെ.പിയുടെ ഭാഗത്തുനിന്നുള്ള വിശദീകരണം.