എല്‍ഡിഎഫില്‍ തമ്മിലടി : ചിറ്റയത്തിനെതിരെ സിപിഎം ; മൗനം ദൗര്‍ബല്യമല്ലെന്ന് സിപിഐ

Jaihind Webdesk
Monday, May 16, 2022

ആരോഗ്യമന്ത്രി വീണാ ജോര്‍ജും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും തമ്മിലുളള പോര്  എല്‍ഡിഎഫിനുള്ളിലേക്ക് വളരുന്നു. വീണ ജോർജ്ജിനെ പിന്തുണച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവിന്‍റെ പരാമർശങ്ങള്‍ സിപിഐ യെ ചൊടിപ്പിച്ചിരിക്കുകയാണ്. മകളുടെ കല്യാണത്തിന് വിളിച്ചില്ലെന്ന് അച്ഛന്‍ പരാതി പറയുന്നതു പോലെ വിചിത്രമാണ് ചിറ്റയത്തിന്‍റെ  പരാതിയെന്നായിരുന്നു കെ.പി.ഉദയഭാനുവിന്‍റെ  പരിഹാസം. ഉദയഭാനുവിന് അതേനാണയത്തില്‍ മറുപടി കൊടുക്കാന്‍ സിപിഐ ജില്ലാ സെക്രട്ടറി എ.പി ജയനും രംഗത്തെത്തി. അച്ഛനെ കാഴ്ചക്കാരനാക്കി കരക്കാര്‍ കല്യാണം നടത്തുന്നത് ശരിയല്ലെന്നായിരുന്നു എ.പി ജയന്‍റെ മറുപടി. പ്രശ്നത്തില്‍ ആദ്യം മൗനം പാലിച്ചത് സിപിഐ യുടെ ദൗര്‍ബല്യമായി ആരും കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കാബിനറ്റ് റാങ്കിലുളള രണ്ടുപേരുടെ തര്‍ക്കത്തില്‍ പരിഹാരം കാണേണ്ടത് സംസ്ഥാന നേതൃത്വങ്ങളാണെന്നും പക്ഷംപിടിച്ചുള്ള അഭിപ്രായപ്രകടനം പ്രശ്‌നം വഷളാക്കാനേ ഉപകരിക്കൂവെന്ന തിരിച്ചറിവ് സിപിഎം. ജില്ലാ സെക്രട്ടറിക്കുണ്ടാകണമെന്നും എ.പി.ജയന്‍ ചൂണ്ടിക്കാട്ടി.

മന്ത്രി വീണാ ജോര്‍ജ് ജില്ലയിലെ എം.എല്‍.എ.മാരുമായി കൂടിയാലോചനകള്‍ നടത്താറില്ലെന്നും വിളിച്ചാല്‍ ഫോണെടുക്കാറില്ലെന്നുമുള്ള ചിറ്റയത്തിന്‍റെ  കുറ്റപ്പെടുത്തലോടെയാണ് വിവാദത്തിന് തുടക്കം. സംസ്ഥാന സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ടുളള ‘എന്‍റെ കേരളം’ പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടനച്ചടങ്ങിന് ചിറ്റയം ഗോപകുമാര്‍ എത്തിയതുമില്ല. താന്‍ അധ്യക്ഷത വഹിക്കേണ്ട പരിപാടിയെക്കുറിച്ച് അറിയിപ്പ് കിട്ടിയത് തലേന്ന് രാത്രിയാണെന്നായിരുന്നു ഡെപ്യൂട്ടി സ്പീക്കറുടെ പരാതി. ആരോപണങ്ങള്‍ വീണാ ജോര്‍ജ് തള്ളി. പരാതി വിവരിച്ച് ഇരുവരും എല്‍.ഡി.എഫ്. നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ട്.