DYFI നേതാവ് ബി.ജെ.പിയില്‍ ; തിരുവനന്തപുരത്ത് DYFI യില്‍ ചേരിപ്പോര്, ആശങ്ക

Jaihind Webdesk
Saturday, June 15, 2019

ഡി.വൈ.എഫ്.ഐ നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐയില്‍ കലഹം. ഡി.വൈ.എഫ്.ഐ നേമം ഏരിയ സെക്രട്ടറിയേറ്റ് അംഗമായിരുന്ന പാപ്പനംകോട് അജിയാണ് ബി.ജെ.പി ക്യാമ്പിലെത്തിയത്. ബി.ജെ.പിയുടെ ചാരന്മാര്‍ പാർട്ടിക്കുള്ളിലുണ്ടെന്ന് ഡി.വൈ.എഫ്.ഐ നേതാവും കൗൺസിലറുമായ ഐ.പി ബിനു തുറന്നുപറഞ്ഞ് രംഗത്തെത്തിയതോടെ സംഘടനയുടെ അടിത്തറ ദുര്‍ബലപ്പെട്ടിരിക്കുകയാണെന്ന് വിവിധ കോണുകളില്‍ നിന്ന് ആക്ഷേപവും ഉയരുന്നുണ്ട്. പ്രസ്ഥാനത്തിന്‍റെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തുള്ള ആള്‍ ബി.ജെ.പി ക്യാമ്പിലെത്തിയതില്‍ ആശങ്കയിലാണ് നേതൃത്വമെന്നത് വ്യക്തമാക്കുന്നതാണ് ബിനുവിന്‍റെ പ്രതികരണം.

പകല്‍ ഡി.വൈ.എഫ്.ഐയ്ക്കൊപ്പം നില്‍ക്കുന്നവര്‍ രാത്രി ആര്‍.എസ്.എസ് ചാരനായി പ്രവര്‍ത്തിക്കുന്നുവെന്ന് ഐ.പി ബിനു ഫേസ്ബുക്കില്‍ കുറിച്ചു. ബി.ജെ.പിയുമായി നേരത്തേ തന്നെ ഇത്തരക്കാര്‍ ബന്ധം പുലർത്തുന്നുണ്ടെന്നും ഐ.പി ബിനു തുറന്നുപറയുന്നു.  ബിനുവിന്‍റെ തുറന്നുപറച്ചിലോടെ പ്രസ്ഥാനത്തിനുള്ളിലെ വിഷയങ്ങള്‍ മറനീക്കി പുറത്തെത്തിയിരിക്കുകയാണ്. സംഘടനയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന വിഷയമായാണ് ഇത് ഒരു വിഭാഗം കാണുന്നത്. അതേസമയം ആര്‍.എസ്.എസിനെ എതിര്‍ക്കുന്നുവെന്ന് അവകാശപ്പെടുന്നവരുടെ യഥാര്‍ഥ മുഖമാണ് ഈ സംഭവത്തിലൂടെ മറനീക്കുന്നതെന്നും ആക്ഷേപമുയരുന്നുണ്ട്.

ഐ.പി ബിനുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

”CPi (M) പ്രസ്ഥാനത്തെ വിറ്റു തിന്നുന്നവർ പുറത്ത് പോകും .അതിൽ ആരും വിഷമിക്കണ്ട .തിരുവനന്തപുരം ജില്ലയിൽ ഒരുത്തൻ BJP യിൽ പോയ് എന്ന് വച്ചാൽ .. അവൻ മുന്നേ BJP യുമായി ബദ്ധം ഉണ്ട് എന്ന് മനസ്സിലാക്കുക .ചാരനായി പകൽDYFI രാത്രി RSS .. അതെ കണക്ക് പകൽ DYFI രാത്രി .NDF .. ഇതും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു … ഇവൻമാരെക്കെ വിചാരം പാർട്ടിക്ക് ഇതൊന്നും അറിയില്ലാ എന്നാ…”

ഡി.വൈ.എഫ്.ഐ നേമം മേഖലാ കമ്മിറ്റി അംഗം, മേഖലാ ഭാരവാഹി എന്നീ നിലകളിലും സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമായും പ്രവർത്തിച്ചുവന്നിരുന്ന പാപ്പനംകോട് അജി കഴിഞ്ഞ ദിവസമാണ് ബി.ജെ.പിയില്‍ അംഗത്വം സ്വീകരിച്ചത്. ഇതിന് പിന്നാലെ ഡി.വൈ.എഫ്.ഐക്കുള്ളില്‍ ശക്തമായ ആഭ്യന്തര കലാപമാണ് ഉയരുന്നത്.  ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് അഡ്വ. എസ് സുരേഷാണ് അജിയെ ബിജെപിയിലേക്ക് സ്വീകരിച്ചത്.

സി.പി.എം, ഡി.വൈ.എഫ്.ഐ ഭാരവാഹിത്വങ്ങളില്‍ നിന്ന് ഒഴിയുന്നുവെന്ന് കാട്ടി അജിയുടെ കത്ത്:

Image may contain: 5 people, people smiling, text