ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ലഫ്റ്റനന്റ് ഗവർണറും തമ്മിലുള്ള അധികാരത്തർക്കത്തിൽ സുപ്രീംകോടതിയിലെ രണ്ടംഗ ബെഞ്ചിൽ അഭിപ്രായ ഭിന്നത. നിയമന കാര്യങ്ങളിൽ വിയോജിച്ചും മറ്റുള്ളവയിൽ യോജിച്ചുമാണ് ജസ്റ്റിസുമാരായ എ.കെ.സിക്രിയും അശോക് ഭൂഷണും വിധി പ്രസ്താവിച്ചിരിക്കുന്നത്.
എല്ലാ ഉദ്യോഗസ്ഥരും ലഫ്. ഗവർണർക്കു കീഴിലാണെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ വ്യക്തമാക്കിയപ്പോൾ എക്സിക്യൂട്ടീവ് അധികാരങ്ങൾ ഡല്‍ഹി സർക്കാരിനാണെന്നായിരുന്നു ജസ്റ്റിസ് എ.കെ.സിക്രിയുടെ വിധി. പൊലീസ്, ഭൂമി എന്നിവയിൽ മാത്രമാണ് ഗവർണർക്ക് അധികാരമെന്നും സിക്രി വിധിന്യായത്തിൽ കുറിച്ചു.
ഡല്‍ഹി സർക്കാരിന്റെ അധികാരത്തർക്കത്തിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് നേരത്തെ വിധി പ്രസ്താവിച്ചിരുന്നു. ലഫ്. ഗവർണർക്ക് പരമാധികാരമില്ലെന്നും ഡല്‍ഹിക്ക് സംസ്ഥാന പദവി നൽകാനാകില്ലെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു.