സംസ്ഥാന എൻസിപിയില്‍ ആഭ്യന്തര കലഹം രൂക്ഷം ; പി.സി ചാക്കോ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തെന്ന് ശശീന്ദ്രൻ വിഭാഗം

Jaihind Webdesk
Wednesday, September 22, 2021

തിരുവനന്തപുരം: സംസ്ഥാന എൻസിപിയില്‍ ആഭ്യന്തര കലഹം രൂക്ഷം. പി.സി ചാക്കോ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തെന്ന് എ.കെ ശശീന്ദ്രൻ വിഭാഗം ആരോപിക്കുന്നു. ഇതിനിടെ ചാക്കോയുടെ അടുപ്പക്കാരനായ സംസ്ഥാന സെക്രട്ടറി ബിജു ആബേല്‍ ജേക്കബ് പാര്‍ട്ടി പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശവും പുറത്തുവന്നു.

മുൻ പ്രസിഡന്‍റും മുതിര്‍ന്ന നേതാവുമായ ടി.പി പീതാംബരനെയും മന്ത്രി  ശശീന്ദ്രനേയും വകവയ്ക്കാതെ ചാക്കോ തന്നിഷ്ടപ്രകാരം തീരുമാനം എടുക്കുന്നെന്നാണ് എതിര്‍പക്ഷത്തിൻറെ ആരോപണം. ഇതിനിടെയാണ് ചാക്കോയുടെ വിശ്വസ്തനായ ബിജു ആബേല്‍ ജേക്കബ് എറണാകുളത്തെ പാര്‍ട്ടി പ്രവര്‍ത്തകൻ ബേബിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്ത് വന്നത്.

ചാക്കോ ഇടപെട്ടാണ് ബിജു ആബേൽ ജേക്കബിനെ  എ കെ ശശീന്ദ്രന്‍റെ പേഴ്സണന്‍റെ സ്റ്റാഫംഗം ആക്കിയതെന്നാണ് ആരോപണം. പൊതുജനങ്ങളോട് മാന്യമായേ മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങള്‍ പെരുമാറാവൂ എന്ന സര്‍ക്കാര്‍ നിര്‍ദേശമുള്ളപ്പോഴാണ് പുതിയ വിവാദം. ബിജു ആബേല്‍ ജേക്കബിനെതിരെ എൻസിപിയിലെ ഒരു വിഭാഗം മുഖ്യമന്ത്രിക്ക് പരാതി നല്‍കി.