സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണം: പോലീസിന് നട്ടെല്ല് സമർപ്പിച്ച് പ്രതിഷേധം; മഹിളാ കോണ്‍ഗ്രസ് മാർച്ചില്‍ സംഘർഷം

 

തിരുവനന്തപുരം: സ്വപ്നാ സുരേഷ് പീഡന ആരോപണം ഉന്നയിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തി. മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മുന്‍ മന്ത്രിമാരായ  തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രന്‍ എന്നിവർക്കെതിരെ  സ്ത്രീപീഡന കേസെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മാർച്ച് ഉദ്ഘാടനം ചെയ്തു.

പോലീസ് ആസ്ഥാനത്തിന് മുന്നില്‍ ബാരിക്കേഡ് മറികടന്ന വനിതാ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളും വാക്കേറ്റവും ഉണ്ടായി. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. സ്വപ്നാ സുരേഷ് ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ക്ക് വിധേയരായ സിപിഎം നേതാക്കള്‍ക്കെതിരെ എഫ്ഐആര്‍ ഇട്ട് കേസ് എടുത്ത് അന്വേഷിക്കണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. ശക്തമായ പ്രതിഷേധമാണ് പോലീസ് ആസ്ഥാനത്തിന് മുന്നില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. ആരോപണവിധേയരായ സിപിഎം നേതാക്കളുടെ കോലം കത്തിച്ച പ്രവര്‍ത്തകര്‍ പോലീസിന് പ്രതീകാത്മകമായി നട്ടെല്ല് സമര്‍പ്പിച്ചു.

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എംപി, ബിന്ദു കൃഷ്ണ, യു വഹീദ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി. സ്ത്രീത്വത്തെ അപമാനിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണം, പോലീസിന്‍റെ വീഴ്ചയും നിഷ്‌ക്രിയത്വവും അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് മഹിളാ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.

Comments (0)
Add Comment