പാലായെച്ചൊല്ലി ഇടതുമുന്നണിയില്‍ കലഹം ; യെച്ചൂരിയുടെ നിർദേശത്തിന് പിണറായിക്ക് പുല്ലുവില ; നിലപാട് കടുപ്പിച്ച് എന്‍സിപി

Jaihind News Bureau
Sunday, February 7, 2021

 

പാലായെച്ചൊല്ലി ഇടതുമുന്നണിയില്‍ കലഹം രൂക്ഷം. ചർച്ചകള്‍ക്ക് സമയം അനുവദിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച് എന്‍.സി.പി രംഗത്തെത്തി. വിഷയം ചർച്ച ചെയ്യണമെന്ന സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിർദേശത്തിന് പിണറായി വിജയന്‍ പുല്ലുവില കല്‍പിച്ചതോടെ ഇടതുമുന്നണിയില്‍ പാലാ സീറ്റ് പ്രശ്നം പാരമ്യത്തിലെത്തി. ചർച്ചകളോട് മുഖം തിരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് മുന്നണി വിടാനുള്ള നീക്കത്തിലാണ് എന്‍.സി.പി. പാലാ സീറ്റ് വിട്ടുനല്‍കില്ലെന്നും എന്‍.സി.പി ആവർത്തിച്ച് വ്യക്തമാക്കി.

സീതാറാം യെച്ചൂരിയുടെ നിർദേശം പിണറായി അവഗണിച്ചതോടെയാണ് സമവായ സാധ്യതകള്‍ മങ്ങിയത്. പാലാ സീറ്റ് പ്രശ്നം ചർച്ച ചെയ്യാൻ എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലിന് മുഖ്യമന്ത്രി പിണറായി വിജയൻ സമയം നൽകിയില്ല. എൻ.സി.പിയെ മുന്നണിയില്‍ നിലനിർത്താന്‍ ചർച്ചകൾ നടത്തിയത് യെച്ചൂരിയായിരുന്നു. എൻ.സി.പി അധ്യക്ഷൻ ശരദ് പവാറും കേരള നേതാക്കളുമായി നടത്തിയ  ചർച്ചയിലാണ് മുഖ്യമന്ത്രിയെ പ്രഫുൽ പട്ടേൽ കാണുമെന്ന തീരുമാനം വന്നത്. ഈ ചർച്ചയില്‍ പാലാ സീറ്റ് വിഷയത്തില്‍ ഏകദേശ ധാരണ ആയിരുന്നു. എന്നാല്‍ കേരളത്തിലെ കാര്യങ്ങൾ ഇവിടെ തീരുമാനിക്കുമെന്ന് പിണറായി നിലപാട് സ്വീകരിച്ചതോടെ പ്രതിസന്ധി രൂക്ഷമായി.

ഇതിനിടെ എലത്തൂർ സീറ്റ് കാപ്പന് നല്‍കിക്കൊണ്ട് ഒരു അനുനയ നീക്കം നടന്നിരുന്നു. എന്നാല്‍ ശശീന്ദ്രന്‍ വിഭാഗം ഇടഞ്ഞതോടെ ആ നീക്കം പാളുകയായിരുന്നു. ജോസ് കെ മാണി വിഭാഗം എൽ.ഡി.എഫിൽ എത്തിയതോടെ തർക്കത്തിന് കാരണമായ പാലാ സീറ്റ് വിട്ടുനല്‍കി പകരം ചില നീക്കുപോക്കുകള്‍ ഉണ്ടാക്കിയാൽ പോലും ഒരു കാരണവശാലും എലത്തൂര്‍ വിട്ടു നൽകില്ലെന്നനിലപാടിലാണ് ശശീന്ദ്രന്‍ വിഭാഗം.

പ്രഫുൽ പട്ടേലിനെ കാണാൻ പിണറായി വിജയന്‍ വിസമ്മതിച്ചതോടെ നിലപാട് കടുപ്പിച്ച് എന്‍.സി.പിയും രംഗത്തെത്തി. പാലാ സീറ്റ് വിട്ടുനല്‍കില്ലെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി. ചർച്ചയ്ക്ക് സമയം അനുവദിക്കാത്ത പിണറായി വിജയന്‍റെ നിലപാടിനെതിരെയും എന്‍.സി.പി വിമർശനം ഉന്നയിച്ചു.