കണ്ണൂർ സിപിഎമ്മില്‍ കലഹം രൂക്ഷം; തളിപ്പറമ്പില്‍ പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിട്ടു

Jaihind Webdesk
Sunday, November 28, 2021

കണ്ണൂർ : പാർട്ടി ഏകപക്ഷീയമായി പ്രവർത്തിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ തളിപ്പറമ്പിലെ സിപിഎം പ്രവർത്തകർ കൂട്ടത്തോടെ പാർട്ടിവിട്ടു. ലോക്കൽ കമ്മിറ്റി മെമ്പറടക്കം 20 പേരാണ് സിപിഎം വിട്ട് സിപിഐയിലേക്ക് പോയത്. മന്ത്രി എംവി ഗോവിന്ദന് എതിരെ രൂക്ഷ വിമർശനമാണ് പാർട്ടി വിട്ടവർ ഉന്നയിച്ചത്. മന്ത്രിസഭയിലുള്ള ഉന്നതനെതിരെയോ തളിപ്പറമ്പിൽ നിന്നുള്ള 3 ജില്ലാ കമ്മിറ്റി അംഗങ്ങൾക്കെതിരെയോ എന്തെങ്കിലും പറഞ്ഞാൽ പറഞ്ഞവരെ നശിപ്പിക്കും. ഇവർ എന്ത് തെറ്റ് ചെയ്താലും ശരിയെന്ന് പറയുന്നവർക്ക് മാത്രമേ തളിപ്പറമ്പിലെ സിപിഎമ്മിൽ നിലനിൽപ്പുള്ളൂവെന്ന് പാർട്ടി വിട്ടവർ പറഞ്ഞു.

സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മറ്റി മുൻ അംഗമായിരുന്ന കോമത്ത് മുരളീധരൻ്റെ നേതൃത്വത്തിൽ അമ്പതിലേറെ പേരാണ് സിപിഎം വിട്ട് സിപിഐയിൽ ചേർന്നത്. 18 പാർട്ടി മെമ്പർമാരുൾപ്പെടെ 57 പേരാണ് തനിക്കൊപ്പം പാർട്ടി വിട്ടതെന്ന് കോമത്ത് മുരളീധരൻ വ്യക്തമാക്കി. ലോക്കൽ സെക്രട്ടറിയുടെ വിഭാഗീയ പ്രവർത്തനം, പകപോക്കൽ, സാമ്പത്തിക അരാജകത്വം എന്നിവ സഹിക്കാവുന്നതിലപ്പുറമാണ്. ഇത് നേതൃത്വത്തോട് പറഞ്ഞു മടുത്തുവെന്നും പാർട്ടിവിട്ടവർ പറയുന്നു. ഇത്തരക്കാരെ നേതാക്കൾ തന്നെ സംരക്ഷിക്കുന്ന സമീപനമാണ് ഉണ്ടാകുന്നത്. വ്യക്തമായ തെളിവ് സഹിതം പരാതി നൽകിയിട്ടും പൂർണ്ണമായും അവഗണിക്കുന്ന സമീപനമാണ് ജില്ലാ കമ്മിറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഇവർ ആരോപിക്കുന്നു. സാജൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയത്തിൽ തങ്ങളുടെ നിലപാട് പറഞ്ഞതുമുതൽ നേതാക്കൾ ശത്രുക്കളായാണ് കണ്ടതെന്നും വിമർശനവും ഇവർ ഉന്നയിക്കുന്നു. മന്ത്രി എംവി ഗോവിന്ദൻ ഉൾപ്പടെയുള്ളവർക്കെതിരെ രൂക്ഷ വിമർശനമാണ് പാർട്ടി വിട്ടവർ ഉന്നയിക്കുന്നത്. എംവിആറിനോടൊപ്പം പാർട്ടി വിട്ട് പിന്നീട് തിരിച്ചുവന്ന് നടപടിക്ക് വിധേയനായി മന്ത്രിയായ ആളാണ് ഇപ്പോൾ പാർട്ടിയെ കുറിച്ച് പഠിപ്പിക്കുന്നതെന്നും കോമത്ത് മുരളീധരൻ വിമർശിച്ചു.

നേതാക്കൾക്ക് ഒരേ വിഷയത്തിൽ ഇരട്ട നീതിയാണ്. പാർട്ടി സഖാക്കളെ പക്ഷപാതപരമായി കാണുന്ന സമീപനമാണ് ജില്ലാ കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. പാർട്ടിക്കകത്തെ കള്ളനാണയങ്ങളെ സംരക്ഷിച്ചു പോകുന്ന പാർട്ടി നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടു. സിപിഎമ്മുമായി തുടർന്നു പോകാൻ സാധിക്കില്ല. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് തുടർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചതായും സിപിഎം വിട്ടവർ വ്യക്തമാക്കി.