ഐഎന്‍എല്ലിലെ കലഹം പൊട്ടിത്തെറിയിലേക്ക് ; കൊമ്പുകോര്‍ത്ത് പാര്‍ട്ടി പ്രസിഡന്‍റും ജനറല്‍ സെക്രട്ടറിയും

Jaihind Webdesk
Wednesday, July 21, 2021

 

കോഴിക്കോട് : ഐഎൻഎല്ലിലെ ആഭ്യന്തരകലഹം പൊട്ടിത്തെറിയുടെ വക്കില്‍. മന്ത്രി അഹമ്മദ് ദേവർകോവിലിന്‍റെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം ഉള്‍പ്പെടെയുള്ളവ ചര്‍ച്ച ചെയ്യാന്‍ പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് ഉടൻ വിളിച്ചു ചേർക്കണമെന്ന ആവശ്യമുന്നയിച്ച് പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് എ.പി അബ്ദുല്‍ വഹാബ് രംഗത്തെത്തി. ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറുമായുള്ള തര്‍ക്കങ്ങളാണ് ഇപ്പോള്‍ പൊട്ടിത്തെറിയുടെ വക്കിലെത്തിയിരിക്കുന്നത്.

അബ്ദുല്‍ വഹാബിന്‍റെ ശബ്ദസന്ദേശമാണ് നിലവില്‍ പ്രശ്നങ്ങള്‍ രൂക്ഷമാക്കിയിരിക്കുന്നത്. ജനറൽ സെക്രട്ടറി പാര്‍ട്ടി സെക്രട്ടറിയേറ്റ് വിളിച്ചുചേർക്കുന്നില്ലെങ്കിൽ ഭരണഘടനാപ്രകാരം തനിക്ക് അതിന് അധികാരമുണ്ടെന്നും താനതിന് തയാറാകുമെന്നും മുന്നറിയിപ്പു നൽകി അബ്ദുൽ വഹാബ് അംഗങ്ങൾക്ക് അയച്ച ശബ്ദസന്ദേശമാണ് പുതിയ വിവാദത്തിന് തിരിതെളിച്ചത്. മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് നിയമനം ഇതുവരെ പാർട്ടിക്കകത്ത് ചർച്ച ചെയ്യപ്പെട്ടിട്ടില്ലെന്നും ഇക്കാര്യം ചര്‍ച്ചചെയ്യപ്പെടേണ്ടതാണെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. പാർട്ടി സെക്രട്ടേറിയറ്റ് വിളിച്ചുചേർക്കാൻ സെക്രട്ടറിയോട് താന്‍ നേരിട്ട് ആവശ്യപ്പെട്ടതാണെന്നും അദ്ദേഹം അത് ചെവിക്കൊള്ളാതെ വന്നപ്പോൾ 17 നും 20നും രേഖാമൂലംതന്നെ അദ്ദേഹത്തോട് ഇക്കാര്യം ആവശ്യപ്പെട്ടെന്നും അബ്ദുല്‍ വഹാബ് പറയുന്നു. എന്നാല്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ഇതിന് തയാറാവുന്നില്ലെന്നും ഇത്തരത്തിലാണ് പ്രതികരണമെങ്കില്‍ തന്‍റെ അധികാരം ഉപയോഗിച്ച് യോഗം വിളിക്കുമെന്നും വഹാബ് പറയുന്നു.

ഐഎൻഎല്ലിൽ ആഭ്യന്തരകലഹം മുർച്ഛിച്ചതിനെത്തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഇരുവരെയും വിളിച്ച് താക്കീത് ചെയ്തത് രണ്ടാഴ്ച മുമ്പായിരുന്നു. വിവാദമുയർത്തിയ പഴ്സനൽ സ്റ്റാഫ് നിയമനത്തിനു പരിഹാരമായി സിപിഎം പ്രതിനിധികളെ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തുകയും ചെയ്തു. സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ വഹാബിന്‍റെ നേതൃത്വത്തില്‍ ചേരിതിരിഞ്ഞായിരുന്നു മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. പുതിയ പദവിയിലെത്തിയതോടെ അഹമ്മദ് ദേവര്‍കോവില്‍ പാര്‍ട്ടിക്ക് അതീതനായെന്നായിരുന്നു ആക്ഷേപം. സിപിഎമ്മും ഇക്കാര്യത്തില്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഐഎന്‍എല്ലിലെ ‘ആഭ്യന്തര പ്രശ്നങ്ങള്‍’ മുന്നണിക്കും തലവേദനയാകുന്നുവെന്നതാണ് സിപിഎമ്മിന്‍റെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്.