തളിപ്പറമ്പ് സിപിഎമ്മിലെ വിഭാഗീയത പൊട്ടിത്തെറിയിലേക്ക്; മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ രാജിവെച്ചു

കണ്ണൂർ : തളിപ്പറമ്പിൽ സിപിഎമ്മിനുള്ളിലെ വിഭാഗീയത പൊട്ടിത്തെറിയിലേക്ക്. മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ രാജിവെച്ചു. പുളിമ്പറമ്പ് പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി കെ മുകുന്ദൻ, മാന്തംകുണ്ട് കിഴക്ക് ബ്രാഞ്ച് സെക്രട്ടറി കെ സതീശൻ, മാന്തം കുണ്ട് പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി ഡിഎം ബാബു എന്നിവരാണ് രാജി വെച്ചത്.

തളിപ്പറമ്പ് സിപിഎമ്മിന്‍റെപുതിയ ലോക്കൽ കമ്മിറ്റി നേതൃത്വത്തെ അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ച് ഒരു വിഭാഗം പ്രവർത്തകർ തളിപ്പറമ്പിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. നേതൃത്വം അടിച്ചമർത്തുന്നു എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രകടനം നടന്നത്. മുൻ നഗരസഭാ പ്രതിപക്ഷ നേതാവ് കോമത് മുരളീധരന്‍റെ നേതൃത്വത്തിലുള്ള ഒരു വിഭാഗമായിരുന്നു പ്രതിഷേധ പ്രകടനം നടത്തിയത്. സിപിഎം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ പുല്ലായ്ക്കൊടി ചന്ദ്രനെ വീണ്ടും ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. ‘കോമ്രേഡ്സ് ഓഫ് പാലയാട്’ എന്ന പേരിൽ നേതൃത്വത്തിനെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. നേതൃത്വത്തിന് എതിരെയുളള പ്രതിഷേധം ശക്തമാക്കാനാണ് ഒരു വിഭാഗം പ്രവർത്തകരുടെ തീരുമാനം.

അതേസമയം പ്രകടനം നടത്തിയവരെ പൂർണ്ണമായും തള്ളിപ്പറഞ്ഞ് സിപിഎം നേതൃത്വം രംഗത്തെത്തിയിരുന്നു. ലോക്കൽ കമ്മിറ്റിക്കെതിരെ പ്രകടനം നടത്തിയവർ തൽപ്പരകക്ഷികളും താല്‍പര്യസംരക്ഷകരുമെന്ന് തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി പുല്ലായ്‌ക്കൊടി ചന്ദ്രൻ ആരോപിച്ചു. പാർട്ടി നേതൃത്വത്തിനെതിരെ നോട്ടീസ് ഒട്ടിച്ചവർക്കും പ്രകടനം നടത്തിയവർക്കും പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും ലോക്കൽ സെക്രട്ടറി പറഞ്ഞു.

തളിപ്പറമ്പിലെ വിഷയങ്ങള്‍ സിപിഎമ്മില്‍ വലിയ വിഭാഗീയതയ്ക്കാണ് വഴി തെളിച്ചിരിക്കുന്നത്. പ്രവർത്തകരുടെ പ്രതിഷേധം തെരുവിലെത്തിയതിന് പിന്നാലെയാണിപ്പോള്‍ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരുടെ രാജി.  പാർട്ടി നേതൃത്വത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കാന്‍ തന്നെയാണ് ഒരു വിഭാഗം പ്രവർത്തകരുടെ തീരുമാനം.

Comments (0)
Add Comment