ആന്തൂർ നഗരസഭ ചെയർപേഴ്‌സനെതിരെ സി പി എമ്മിൽ കടുത്ത അതൃപ്തി

Jaihind Webdesk
Friday, June 21, 2019

പ്രവാസി വ്യവസായിയുടെ ആത്മഹത്യ ആന്തൂർ നഗരസഭ ചെയർപേഴ്‌സനെതിരെ സി പി എമ്മിൽ കടുത്ത അതൃപ്തി. മുഖ്യമന്ത്രിയുടെ ഓഫിസ് പോലും ഇടപെട്ട വിഷയത്തിൽ നഗരസഭാ ചെയർപേഴ്‌സന്റെ കടുപിടുത്തമാണ് ആത്മഹത്യയ്ക്ക് നയിച്ചതെന്ന് പറയാതെ പറഞ്ഞ് സി പി എം നേതാക്കൾ.എം വി ജയരാജനും, പി.ജയരാജൻ ഉൾപ്പടെയുള്ള നേതാക്കൾ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റ വീട് സന്ദർശിച്ചു.

പാർട്ടി അനുഭാവിയായ പ്രവാസി വ്യവസായിയുടെ ആത്മഹത്യ സി പി എമ്മിനെ കടുത്ത പ്രതിസന്ധിയിലാണ് ആക്കിയിരിക്കുന്നത്. ആത്മഹത്യയെ തുടർന്ന് പാർട്ടി ശക്തികേന്ദ്രമായ ആന്തുരിലെ നഗരസഭാ ചെയർപേഴ്‌സനെതിരെ പ്രവാസി വ്യവസായിയുടെ കുടുംബം രംഗത്ത് വന്നതോടെ സി പി എമ്മിന്റെ പ്രതി സന്ധി ഒന്ന് കൂടി വർധിച്ചു.ഇതിനിടയിലാണ് സി പി എം നേതാക്കൾ പ്രവാസി വ്യവസായിയുടെ വീട്ടിലെത്തിയത്. ജില്ലാ സെക്രട്ടറി എം വിജയരാജൻ, പി ജയരാജൻ ഉൾപ്പടെയുള്ള നേതാക്കളാണ് വീട് സന്ദർശിച്ചത്.

സംഭവത്തിന് കാരണക്കാരായവരെ ശിക്ഷിക്കുമെന്നും ഓഡിറ്റോറിയത്തിന് അനുമതി നൽകുമെന്നും ഉറപ്പു നൽകിയാണ് നേതാക്കൾ മടങ്ങിയത്. പ്രശ്‌നത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് നേരത്തെ ഇടപെട്ടിരുന്നതായി എം വി ജയരാജൻ പറഞ്ഞു.

നഗരസഭ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുമ്പോഴും നഗരസഭ ചെയർപേഴ്‌സനെ പിന്തുണക്കാൻ എം വി ജയരാജൻ ഉൾപ്പടെയുള്ള നേതാക്കൾ തയ്യാറായില്ല.പ്രശ്‌നത്തിൽ മാധ്യമങ്ങളെ പഴിചാരാനാണ് പി.ജയരാജൻ ശ്രമിച്ചത്.

നഗരസഭ ചെയർപേഴ്‌സന് ഉൾപ്പടെ ഉയർന്ന പരാതി പാർട്ടി പരിശോധിക്കുമെന്നും പി.ജയരാജൻ പറഞ്ഞു. നഗരസഭയുടെ നടപടികൾ വൈകിയിട്ടുണ്ടെന്ന നിലപാടാണ് പാർട്ടിക്കുള്ളത്. സാജന്‍റെ ഓഡിറ്റോറിയത്തിനും, കൺവെൻഷൻ സെൻററിനും അന്തിമാനുമതി നൽകാനുള്ള പാർട്ടി നേതൃത്വത്തിന്റെ തീരുമാനം നഗരസഭ നടപ്പിലാക്കാതിരുന്നതാണ് സാജന്‍റെ ആത്മഹത്യയ്ക്ക് കാരണമായതെന്ന നിലപാടിലാണ് നേതാക്കൾ. അതിൽ നഗരസഭ ചെയർപേഴ്‌സൻ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന നിലപാടാണ് പാർട്ടിക്കുള്ളിലുള്ളത്. പ്രശ്‌നത്തിൽ നഗരസഭാ ചെയർപേഴ്‌സനായ പി.കെ ശ്യാമളയ്‌ക്കെതിരെ നേതാക്കൾക്ക് കടുത്ത അതൃപ്തിയാണുള്ളത്. ഇത് വരും ദിവസങ്ങളിൽ സി പി എമ്മിൽ ചർച്ചയാവും.