സർക്കാർ രൂപീകരിച്ച നവോത്ഥാനസമിതിയില്‍ അഭിപ്രായ ഭിന്നത രൂക്ഷം. വിശ്വാസികളുടെ കാര്യത്തില്‍ സി.പി.എമ്മിന്റെ നിലപാട് മാറ്റത്തിനെതിരെ നവോത്ഥാന സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ രംഗത്തെത്തി. നവോത്ഥാനവും വിശ്വാസ സംരക്ഷണവും ഒരുമിച്ചു പോകില്ലെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നും കെ.പി.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പറഞ്ഞു.
സമിതിയുടെ തുടർപ്രവർത്തനത്തെ ആശങ്കയിലാക്കുന്നതാണ് സി.പി.എമ്മിന്റെ തീരുമാനം. വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു പോകില്ല. വിശ്വാസികൾക്കൊപ്പമെന്ന സി.പി.എമ്മിന്റെ നിലപാട് ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തത വരുത്തണമെന്നും പുന്നല ശ്രീകുമാർ ആവശ്യപ്പെട്ടു.
പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും അവരവരുടെ വിശ്വാസങ്ങള്‍ കൊണ്ടു നടക്കുന്നതിന് പാര്‍ട്ടി എതിരല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പാര്‍ട്ടിക്ക് ബഹുജനസ്വീകാര്യത നഷ്ടമായെന്നും വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായഭിന്നത രൂക്ഷമായിരിക്കുന്നത്. തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് നേരിടുന്നത് നല്ല സൂചന അല്ലെന്നും ഇതിന് ഭാവിയില്‍ വലിയ വില കൊടുക്കേണ്ടിവരുമെന്നും പുന്നല ശ്രീകുമാര്‍ വിമര്‍ശിച്ചു.