സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെ ബി.ജെ.പിയില്‍ കലഹം രൂക്ഷം

Jaihind Webdesk
Monday, September 30, 2019

ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ബി.ജെ.പിയിൽ ഉടലെടുത്ത ഭിന്നത രൂക്ഷമാകുന്നു. കുമ്മനത്തെ മത്സരിപ്പിക്കാത്ത നടപടിയിൽ ഒരുവിഭാഗത്തിന് കടുത്ത എതിർപ്പ് തുടരുകയാണ്. എതിർപ്പ് മറികടക്കാൻ കുമ്മനത്തിന് ദേശീയ തലത്തിൽ ചുമതല നൽകി ഒതുക്കാനാണ് കേന്ദ്രനീക്കം.

വട്ടിയൂർക്കാവിൽ കേരള നേതൃത്വം നിർദേശിച്ച കുമ്മനം രാജശേഖരന് പകരം തിരുവനന്തപുരം ജില്ലാപ്രസിഡന്‍റ് എസ് സുരേഷിന് സീറ്റ് നൽകിയ നടപടിയിലാണ് ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുള്ളത്. സ്ഥാനാർത്ഥി പട്ടിക ആവുംമുമ്പ് തന്നെ കുമ്മനത്തെ മുൻനിർത്തി പ്രവർത്തകർ പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. എന്നാൽ പട്ടികയിൽ അന്തിമ തീരുമാനമായതോടെ കുമ്മനത്തിനായി പ്രചാരണത്തിനിറങ്ങിയ പ്രവർത്തകർക്ക് നിരാശയായി. ഈ സാഹചര്യത്തിലാണ് കടുത്ത എതിർപ്പുമായി ഒരുവിഭാഗം രംഗത്തെത്തിയത്.

ഗവർണർ പദവി രാജിവെപ്പിച്ച് പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് പരാജയപ്പെട്ട കുമ്മനത്തെ വീണ്ടും മത്സരിപ്പിക്കുന്നതിനോട് കേന്ദ്ര നേതൃത്വത്തിന് യോജിപ്പില്ല. എന്നാൽ പ്രവർത്തകരുടെ വികാരം കണക്കിലെടുത്ത് അദ്ദേഹത്തെ ദേശീയതലത്തിൽ പ്രധാന ചുമതല നൽകി ഒതുക്കാനാണ് തീരുമാനം. മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ചും തർക്കം അവസാനിച്ചിട്ടില്ല. ആർ.എസ്.എസ് നേതൃത്വത്തിന്‍റെ താൽപര്യപ്രകാരമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കാസർഗോഡ് മത്സരിച്ച രവീശ തന്ത്രി തന്നെ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലും സ്ഥാനാർത്ഥിയായത്.

പ്രഖ്യാപനം വന്നതിന് പിന്നാലെ തന്നെ ബി.ജെ.പി പ്രാദേശിക നേതൃത്വം കലാപക്കൊടി ഉയർത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് കൺവെൻഷനുകളുമായി സഹകരിക്കില്ലെന്ന് കുമ്പള, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കമ്മിറ്റികൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. തന്ത്രിയുടെ സ്ഥാനാർത്ഥിത്വം വഴി നിഷ്പക്ഷ വോട്ടുകൾ അകലുമെന്ന് ഒരു വിഭാഗം നേതാക്കൾ ആശങ്കപ്പെടുന്നു. ഏതായാലും തർക്കം മൂത്ത് പ്രചരണം മറന്ന അവസ്ഥയിലാണ് ബിജെപി.