ചരിത്ര കോൺഗ്രസിൽ പ്രോട്ടോക്കോൾ ലംഘനം ഉണ്ടായിട്ടില്ലെന്ന് സംഘാടക സമിതി; കണ്ണൂർ സർവ്വകലാശാല വിസിയും, സംഘാടക സമിതിയും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തേയ്ക്ക്

Jaihind News Bureau
Monday, December 30, 2019

കണ്ണൂർ സർവ്വകലാശാലയിൽ ഇന്ത്യൻ ചരിത്ര കോൺഗ്രസ്സിന്‍റെ ഉദ്ഘാടന ചടങ്ങിൽ ഗവർണ്ണർക്കെതിരെ പ്രതിഷേധം ഉയർന്ന സംഭവത്തിൽ കണ്ണൂർ സർവ്വകലാശാല വിസിയും, സംഘാടക സമിതിയും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്ത് വന്നു. ചരിത്ര കോൺഗ്രസ്സിൽ പ്രോട്ടോക്കോൾ ലംഘനം ഉണ്ടായെന്ന വിസിയുടെ പ്രസ്താവനയ്ക്കതിരെ ചരിത്ര കോൺഗ്രസ്സ് സംഘാടക സമിതി. ചരിത്ര കോൺഗ്രസിൽ പ്രോട്ടോക്കോൾ ലംഘനം ഉണ്ടായിട്ടില്ലെന്ന് സംഘാടക സമിതി.

ഇന്ത്യൻ ചരിത്ര കോൺഗ്രസ് ഉദ്ഘാടനത്തിൽ സുരക്ഷാ മാനദണ്ഡങ്ങളും പ്രൊട്ടോകോളും കൃത്യമായി പാലിച്ചിരുന്നതായാണ് സംഘാടക സമിതി വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.

ഗവർണർ പങ്കെടുത്ത ചടങ്ങിൽ പ്രോട്ടോകോൾ ലംഘനം നടന്നുവെന്ന പ്രചാരണം തെറ്റാണ്. സ്‌പെഷ്യൽ ബ്രാഞ്ചിൻറെ നിർദേശ പ്രകാരമാണ് ഗവർണർ പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങിന്‍റെ വേദി ക്രമീകരിച്ചത്. ചടങ്ങിൻറെ മിനിട്ട് ബൈ മിനിട്ട് പ്രോഗ്രാമും വിശദാംശങ്ങളും ഗവർണറുടെ ഓഫീസിൽ അറിയിക്കുകയും ഇതുസംബന്ധിച്ച് ഗവർണറുടെ ഓഫീസ് നൽകിയ നിർദേശങ്ങൾ ഉൾപ്പെടുത്തി വേണ്ട മാറ്റങ്ങൾ വരുത്തി അന്തിമ രൂപം തയ്യാറാക്കുകയും ചെയ്തതായി വാർത്ത കുറിപ്പിൽ പറയുന്നു.. പരിപാടിയുടെ ആദ്യ രൂപരേഖ പ്രകാരം തുറമുഖ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്‍റെ പ്രൊസീഡിങ്‌സ് റിലീസ് ചെയ്യുമെന്നാണ് സംഘാടക സമിതി തീരുമാനിച്ചത്. എന്നാൽ ഗവർണറുടെ ഓഫീസിൽ നിന്ന് അനുമതി ലഭിക്കാത്തത് കൊണ്ട് അത് മാറ്റിവെക്കുകയുണ്ടായതായി സംഘാടകർ പറയുന്നു.. ഇന്ത്യൻ ചരിത്ര കോൺഗ്രസിന്‍റെ കീഴ് വഴക്ക പ്രകാരം ആക്ടിങ് പ്രസിഡന്‍റാണ് ഉദ്ഘാടന ചടങ്ങിന്‍റെ അധ്യക്ഷത വഹിക്കുക. ഇക്കാര്യം ഗവർണർടെ ഓഫീസിനെ അറിയിച്ച് അനുമതി വാങ്ങിക്കുകയുണ്ടായി.

പരിപാടിയിലെ ചെറിയ മാറ്റങ്ങൾക്ക് പോലും ഗവർണറുടെ ഓഫീസിനെ അറിയിച്ച് അംഗീകാരം വാങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ ഗവർണർ പങ്കെടുത്ത ചടങ്ങിൽ പ്രോട്ടോകോൾ ലംഘനമുണ്ടായിയെന്നും സംഘാടക സമിതിയ്ക്ക് വീഴ്ചപറ്റിയെന്നുമുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് സംഘാടകസമിതിയുടെ വിശദീകരണം.

ചരിത്ര കോൺഗ്രസ്സിൽ പ്രോട്ടോക്കോൾ ലംഘനം ഉണ്ടായെന്ന കണ്ണൂർ സർവ്വകലാശാല വി.സി.ഡോക്ടർ ഗോപിനാഥ് രവീന്ദ്രൻ വിശദീകരിച്ചിരുന്നു. ഉദ്ഘാടന സമ്മേളനത്തിൽ പ്രസംഗിക്കേണ്ടവരുടെ പട്ടികയിൽ ചരിത്രകാരൻ ഇർഫാൻ ഹബീബിന്‍റെ പേര്
ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.ഇതിനെ തുടർന്നാണ് ചരിത്ര കോൺഗ്രസ്സ് സംഘാടക സമിതി വിശദീകരണവുമായി രംഗത്ത് എത്തിയത്.

ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് ഗവർണറെ ക്ഷണിച്ചിട്ടില്ലെന്ന് പ്രഫ ഇർഫാൻ ഹബീബും വ്യക്തമാക്കിയിരുന്നു. ഗവർണ്ണറെയും, കെ.കെ.രാഗേഷ് എംപി ഉൾപ്പടെയുള്ളവരെ ക്ഷണിച്ചത് സംഘാടക സമിതിയും, കണ്ണൂർ സർവ്വകലാശാലയുമാണെന്നാണ് പ്രഫസർ ഇർഫാൻ ഹബീബ് വ്യക്തമാക്കിയത്. എന്നാൽ ഇത് സംബന്ധിച്ച് സംഘാടക സമിതി വിശദീകരണം നൽകിട്ടില്ല. ഇതിനിടെ ചരിത്ര കോൺഗ്രസ്സിന്‍റെ ഉദ്ഘാടന ചടങ്ങിനിടെ ഗവർണ്ണർക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടില്ല. ഗവർണ്ണരുടെ പരിപാടിയിൽ സുരക്ഷാവീഴ്ച ഉണ്ടായിട്ടും പ്രതിഷേധിച്ചവർക്കെതിരെ കേസ് എടുക്കാത്തത് വിമർശനത്തിന് കാരണമായിട്ടുണ്ട്.

അതേസമയം, നിലപാടിലുറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടന സംരക്ഷിക്കേണ്ടത് തന്‍റെ ഉത്തരവാദിത്വമാണെന്നും അത് തന്‍റെ ഭരണഘടനാപരമായ കർത്തവ്യമാണെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്‍റ് പാസ്സാക്കിയ നിയമത്തെ സംരക്ഷിക്കുമെന്നും ഏതെങ്കിലും പാർട്ടികളുടെ രാഷ്ട്രീയ അജണ്ടകളുമായി തനിക്ക് ബന്ധമില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.