മണിപ്പൂരില്‍ വീണ്ടും സംഘർഷം; ചുരാചന്ദ്പൂരില്‍ നാലു പേർ കൊല്ലപ്പെട്ടു

 

ഇംഫാല്‍: മണിപ്പൂരിൽ വീണ്ടും സംഘർഷം. ചുരാചന്ദ്പൂരിൽ ഉണ്ടായ സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. കുകി വിഭാഗത്തെ പട്ടിക വർഗ പദവിയിൽ നിന്ന് നീക്കുന്ന കാര്യം പരിഗണിക്കുമെന്ന മുഖ്യമന്ത്രി എന്‍. ബീരേന്‍സിംഗിന്‍റെ പ്രസ്താവനയും വിവാദമാകുന്നു. അതേസമയം രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടന ചടങ്ങിലെ നിയന്ത്രണങ്ങളിൽ ഇളവില്ലെന്ന് മണിപ്പുർ സർക്കാർ വ്യക്തമാക്കി.

ചുരാചന്ദ്പൂരിന് പുറമെ മൊറെയിലും സംഘർഷമുണ്ടായി. മൊറെയിൽ നേരത്തെ പോലീസ് കമാൻഡോ സംഘത്തിന് നേർക്ക് ആക്രമണമുണ്ടായതിനെ തുടർന്ന് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അതേസമയം കുകി വിഭാഗത്തിന്‍റെ പട്ടിക വർഗ പദവിയെക്കുറിച്ചുള്ള മുഖ്യമന്ത്രി എന്‍. ബീരേൻസിംഗിന്‍റെ പരാമർശവും വിവാദമാകുന്നു. പട്ടിക വർഗ പദവി പുനഃപരിശോധിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന എരിതീയിൽ എണ്ണ ഒഴിക്കുന്നതെന്ന വിമർശനവുമായി പ്രതിപക്ഷവും രംഗത്ത് വന്നു.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉത്ഘാടന വേദി അനുവദിക്കുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ സർക്കാർ തയാറായിട്ടില്ല. ഇംഫാൽ ഈസ്റ്റ് ജില്ലയിൽ നിരോധനാജ്ഞ തുടരുകയാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. അതേസമയം കൂടുതൽ ജാഗ്രത വേണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Comments (0)
Add Comment