കൊവിഡ് മരണം സ്ഥിരീകരിക്കുന്നത് ജില്ലാതലത്തിലാക്കും ; ഡോക്ടർമാർ മാനദണ്ഡം നിശ്ചയിക്കും ; പ്രതിപക്ഷ വിമർശനത്തിനു പിന്നാലെ തീരുമാനം

Jaihind Webdesk
Thursday, June 3, 2021

തിരുവനന്തപുരം: പ്രതിപക്ഷം ആവശ്യം ഉന്നയിച്ചതിനു പിന്നാലെ സംസ്ഥാനത്ത് കൊവിഡ് മരണം സ്ഥിരീകരിക്കുന്ന രീതിയില്‍ മാറ്റം. നിലവില്‍ സംസ്ഥാനതലത്തിലാണ് മരണം സ്ഥിരീകരിക്കുന്നത്. ഇനി മുതൽ ജില്ലാ തലങ്ങളിൽ മരണം സ്ഥിരീകരിക്കും. ഏത് കാറ്റഗറിയിലുള്ള മരണമാണെന്ന് കൃത്യമായ മാനദണ്ഡം ഡോക്ടര്‍മാര്‍ നിശ്ചയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സമിതി മരണം സ്ഥിരീകരിക്കുന്നതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു.

അതേസമയം കൊവിഡ് ബാധയെ തുടർന്നുള്ള മരണങ്ങൾ ഏതു കാറ്റഗറിയിലുള്ള മരണമാണെന്ന് കൃത്യമായ മാനദണ്ഡം ഡോക്ടർമാർ നിശ്ചയിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഴിഞ്ഞ രണ്ടു ദിവസങ്ങളായി നിയമസഭയിൽ പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യമാണ് ഇത്. പോസ്റ്റ് കൊവിഡ് പ്രശ്നങ്ങളാൽ മരണം സംഭവിക്കുന്നവർക്കു സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഇത് സഹായകമാവും. നിലവിൽ സംസ്ഥാനതലത്തിൽ സ്ഥിരീകരിക്കുന്ന കോവിഡ് മരണങ്ങൾ ജില്ലാ തലത്തിലാക്കുന്നതു പരിഗണിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും സ്വാഗതം ചെയ്യുന്നതായി വി.ഡി. സതീശൻ പത്രക്കുറിപ്പിൽ അറിയിച്ചു.