തീരമേഖല മാനേജ്മെന്‍റ് പ്ലാന്‍: തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ആശങ്കകള്‍ പരിഹരിക്കണം; ഹൈബി ഈഡൻ എംപി നിവേദനം നല്‍കി

Jaihind Webdesk
Tuesday, July 27, 2021

കൊച്ചി : മത്സ്യത്തൊഴിലാളി സമൂഹത്തിനും തലമുറകളായി തീരപ്രദേശത്ത് താമസിക്കുന്നവർക്കും ഉടൻ തന്നെ അന്തിമമാക്കാനിരിക്കുന്ന തീരമേഖല മാനേജ്മെന്‍റ് പ്ലാനിൽ (സി ആർ ഇസഡ്- സി സെഡ് എം പി ) നീതി ലഭിക്കുന്നതിന് കേന്ദ്ര സർക്കാരിന്‍റെ പ്രത്യേക ഇടപെടലുണ്ടാകണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി ഹൈബി ഈഡൻ എംപി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന് നിവേദനം നൽകി. സംസ്ഥാന സർക്കാർ സ്വീകരിക്കേണ്ട നടപടികൾ പൂർത്തിയാക്കിയാലുടൻ കാലതാമസം കൂടാതെ വിജ്ഞാപനം അന്തിമമാക്കുന്ന നടപടിക്ക് കേന്ദ്രം തയാറാണെന്നും, തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ആശങ്കകൾ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. ടി എൻ പ്രതാപൻ എം.പി യും ഒപ്പമുണ്ടായിരുന്നു.

നിലവിൽ പുറത്തിറക്കിയിട്ടുള്ള കരട് വിജ്ഞാപനം എറണാകുളം ജില്ലയിൽ കൊച്ചി കോർപ്പറേഷനു പുറമെ
പറവൂർ , ഏലൂർ, തൃപ്പൂണിത്തുറ, തൃക്കാക്കര, കളമശേരി, മരട് എന്നീ ആറു നഗര സഭകളെയും വടക്കേക്കര, ചേന്ദമംഗലം, പുത്തൻവേലിക്കര, ചിറ്റാറ്റുകര, പള്ളിപ്പുറം, കുന്നുകര, കരുമാല്ലൂർ, കോട്ടുവള്ളി, ഏഴിക്കര, കുഴപ്പിള്ളി, എടവനക്കാട്, ആലങ്ങാട്, നായരമ്പലം, വരാപ്പുഴ, കടുങ്ങല്ലൂർ, കടമക്കുടി, ഞാറക്കൽ, ചേരാനല്ലൂർ, എളംകുന്നപ്പുഴ, മുളവുകാട്, ചെല്ലാനം, കുമ്പളം, കുമ്പളങ്ങി, ഉദയംപേരൂർ, ആമ്പല്ലൂർ എന്നീ ഇരുപത്തിയഞ്ച് പഞ്ചായത്തുകളെയുമാണ് ബാധിക്കുന്നത്. ഇതുൾപ്പെടുന്ന വില്ലേജുകളിലെ ഓരോ സർവ്വേ നമ്പരും ഉൾപ്പെടുത്തിയുള്ള വിശദമായ ഭൂരേഖയാണ് തയാറായിട്ടുള്ളത്. അപാകതകൾ പരിശോധിച്ച് ഭൂപടത്തിലും (map) പദ്ധതിയിലും (plan ) ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനായാണ് ഹൈബി ഈഡൻ എം പി നിവേദനം സമർപ്പിച്ചത്.

കടൽത്തീരത്ത് സ്ഥിതി ചെയ്യുന്നതും, ഒരു ചതുരശ്ര കിലോമീറ്ററിലെ ജനസാന്ദ്രത 2161നു മുകളിലുള്ളതുമായ വില്ലേജുകളെയാണ് സിആർഇസഡ്- 3 എ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവിടെ വീട് നിർമ്മാണത്തിന് 50 മീറ്റർ പരിധി നിര്ദേശിക്കപ്പെട്ടിട്ടുണ്ട്. ജനസാന്ദ്രത 2161 ൽ കുറഞ്ഞ വില്ലേജുകളെ സി ആർ ഇസഡ്- 3 ബിയിൽ ഉൾപ്പെടുത്തി നിർമ്മാണത്തിനുള്ള ദൂരപരിധി 200 മീറ്ററാക്കിയിരിക്കുകയാണ്. രണ്ടു വില്ലേജുകൾ ചേർന്നു വരുന്ന പല പഞ്ചായത്തുകളിലും ഒരു പഞ്ചായത്ത് പ്രദേശത്തു തന്നെ രണ്ടു വിധത്തിലും രണ്ടു വിഭാഗങ്ങളിലുമായി നിയന്ത്രണങ്ങൾ വരാനിടയുള്ള സ്ഥിതിയാണുള്ളത്. വേർതിരിവില്ലാതെ എ യിലും ബി യിലും 50 മീറ്ററായി ദൂരപരിധി നിശ്ചയിക്കണമെന്നതാണ് തീരദേശവാസികളുടെ ആവശ്യം. ഇതിനായി നിലവിലെ കരടിൽ കരഭൂമിയും ജലാശയങ്ങളും ഉൾപ്പെടെ ഭൂമിശാസ്ത്രപരമായ മുഴുവൻ പ്രദേശങ്ങളും കണക്കിലെടുക്കുന്നത് ഒഴിവാക്കി കരഭൂമിയുടെ മാത്രം വിസ്തൃതിയുടെ അടിസ്ഥാനത്തിൽ ഒരു ചതുരശ്ര കിലോമീറ്ററിന് 2161 എന്ന ജനസാന്ദ്രത കണക്കാക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകണമെന്നു ഹൈബി ഈഡൻ എം പി നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

5 പിപിടി (part per thousand)) ലവണാംശം ഉള്ളതും വേലിയേറ്റ സ്വാധീനമുള്ളതുമായ ജലാശയങ്ങൾ സി‌ആർ‌സെഡിന്‍റെ പരിധിയിൽ വരുമെന്ന് വിജ്ഞാപനത്തിൽ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ ആവശ്യമായ ലവണാംശമില്ലാത്ത ചില നദികളും ജലാശയങ്ങളും മറ്റും സി‌ആർ‌സെഡിന്റെ നിയന്ത്രണ വിഭാഗത്തിൽ തെറ്റായി ഉൾപ്പെടുത്തിയിട്ടുണ്ട്. വസ്തുതാപരമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സർവേ നമ്പറിന്റെ അടിസ്ഥാനത്തിൽ, വേലിയേറ്റ സമയത്ത് മുകളിൽ പറഞ്ഞ തരം സ്ഥലങ്ങളിൽ ലവണാംശം അവലോകനം ചെയ്ത ശേഷം ആവശ്യമായ തിരുത്തലുകൾ വരുത്തണമെന്നു നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

ജില്ലയുടെ പല പ്രദേശത്തും പൊക്കാളിപ്പാടങ്ങൾ സാധാരണമാണ്, ഇവയുടെ സമീപത്തു താമസിക്കുന്നവരുടെ വീടുകൾ നിർമ്മിക്കാൻ വ്യക്തവും കൃത്യവുമായ നിർദേശങ്ങൾ തീരമേഖല മാനേജ്മെൻറ് പ്ലാനിൽ ഉൾപ്പെടുത്തണമെന്നും, തീരദേശ മത്സ്യത്തൊഴിലാളികളുടെ ദീർഘകാല ഭവന ആവശ്യങ്ങൾക്കായി വിശദമായ പദ്ധതി തയാറാക്കേണ്ടത് അനിവാര്യമാണെന്നും ഹൈബി ഈഡൻ എം.പി സമർപ്പിച്ച നിവേദനത്തിലുണ്ട്.