തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് ആശങ്ക; പത്തനംതിട്ട സിപിഎമ്മിലെ കയ്യാങ്കളിയില്‍ നടപടി ഉടനില്ല

 

പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചരണം പരാജയമെന്ന് ആരോപണത്തിൽ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും നടന്ന സംഭവത്തിൽ നടപടിക്കൊരുങ്ങി സംസ്ഥാന നേതൃത്വം. തിരഞ്ഞെടുപ്പിന് ശേഷം അന്വേഷണ കമ്മീഷനെ നിയോഗിച്ചേക്കും. തിരഞ്ഞെടുപ്പിന് മുമ്പ് നടപടിയുണ്ടായാൽ അത് പ്രതികൂലമാകും എന്നതിനാലാണ് തിരഞ്ഞെടുപ്പിന് ശേഷം നടപടി എന്ന നിലപാടിലേക്ക് എത്തിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് സമയത്ത് ഉണ്ടായ നാണക്കേട് മറയ്ക്കാൻ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും സംസ്ഥാന കമ്മിറ്റിയംഗം രാജു എബ്രഹാമും മാധ്യമങ്ങളെ വിളിച്ച് സംഭവത്തിൽപ്പെട്ട നേതാക്കൻമാരെ ഒപ്പമിരുത്തി എല്ലാം മാധ്യമ വ്യാജസൃഷ്ടികൾ എന്ന് നിസാരവത്കരിക്കാൻ ശ്രമിച്ചെങ്കിലും കാര്യങ്ങൾ പാർട്ടിക്ക് കൈവിട്ടു പോകുന്ന സ്ഥിതിയിലാണ്. ജില്ലാ സെക്രട്ടേറിയറ്റിലെ കയ്യാങ്കളി പത്തനംതിട്ട സിപിഎമ്മിൽ മറ്റ് നേതാക്കളിലേക്കും പ്രവർത്തകരിലേക്കും വിഭാഗീയതയുടെ തീ പകരുകയാണ് ചെയ്തിരിക്കുന്നത്.

എല്‍ഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണം പരാജയമെന്ന് ആരോപിച്ചാണ് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. മന്ത്രി വി.എൻ. വാസവനടക്കം പങ്കെടുത്ത യോഗത്തിലാണ് അടൂരിൽ നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ആറന്മുളയിൽ നിന്നുള്ള അംഗവും തമ്മിൽ കയ്യാങ്കളി നടന്നത്. പത്തനംതിട്ട പാർലമെന്‍റ് മണ്ഡലത്തിലെ ഇടതുസ്ഥാനാർത്ഥി ഡോ. തോമസ് ഐസക്കിന്‍റെ പ്രചാരണ പ്രവർത്തനങ്ങളെപ്പറ്റി വിലയിരുത്താൻ  ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് നാടകീയ രംഗങ്ങൾക്ക് വേദിയായത്.

യോഗത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ പരാജയമാണെന്ന വിലയിരുത്തലുണ്ടായി. പത്തനംതിട്ട പാർലമെന്‍റിന്‍റെ ചുമതലയുള്ള അടൂരിൽ നിന്നുള്ള അംഗം മന്ത്രി വീണാ ജോർജ്‌ അടക്കമുള്ളവരുടെ പ്രവർത്തനങ്ങൾ പരാജയമാണെന്ന് യോഗത്തിൽ ആരോപണമുയർന്നു. നേതാക്കൾ സ്ഥാനാർത്ഥിക്കൊപ്പം നടക്കുന്നതല്ല പ്രചാരണം എന്നും കുറ്റപ്പെടുത്തലുണ്ടായി. അടൂരില്‍ നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിനെതിരെ ആറന്മുളയിൽ നിന്നുള്ള സെക്രട്ടേറിയറ്റ് അംഗം രംഗത്തെത്തിയതോടെ വാക്കേറ്റമായി. തർക്കത്തിനിടെ ഇരുവരും പരസ്പരം പാഞ്ഞടുക്കുകയും ബലപ്രയോഗം ഉണ്ടാവുകയുമായിരുന്നു. ഇതിനിടെ ആറന്മുളയിൽ നിന്നുള്ള അംഗം നിലത്ത് വീഴുകയും ചെയ്തു. തുടർന്ന് ജില്ലാ സെക്രട്ടറിയും മന്ത്രിയും മറ്റംഗങ്ങളും ചേർന്ന് ഇരുവരേയും പിന്തിരിപ്പിക്കുകയായിരുന്നു.

വി.എൻ. വാസവൻ സംസ്ഥാന നേതൃത്വത്തിന് വിവരങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് സിപിഎം നടപടിക്കൊരുങ്ങുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് നടപടിയുണ്ടായാൽ പ്രതികൂലമാകുമെന്നതിനാലാണ് തിരഞ്ഞെടുപ്പിന് ശേഷം അന്വേഷണ കമ്മീഷനെ വെക്കാനുള്ള നീക്കം. തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ ഉണ്ടായ കയ്യാങ്കളി സംഭവം സിപിഎമ്മിന് നാണക്കേടായി മാറി. പ്രചാരണ രംഗത്തും ഇത് പ്രകടമാണ്.

Comments (0)
Add Comment