കൊവിഡ് കേസുകള്‍ കുറയുമ്പോഴും ആശങ്കയായി മരണനിരക്കിലെ വര്‍ധന ; അടുത്ത മൂന്നാഴ്ച നിര്‍ണായകമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞാലും മരണസംഖ്യ ഉയർന്നേക്കാന്‍ സാധ്യത. കൊവിഡ് പ്രതിരോധത്തിൽ അടുത്ത മൂന്നാഴ്ച നിർണായകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തിൽ മരണസംഖ്യ ഉയർന്നേക്കാം എന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. മേയ് 12 നാണ് കൊവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളുണ്ടായത് . 43,529 കൊവിഡ് കേസുകളായിരുന്നു അന്ന് റിപ്പോര്‍ട്ട് ചെയ്തത്. ആ ദിവസങ്ങളിലെ രോഗബാധ മൂർഛിച്ച് മരണം സംഭവിക്കുന്നത് ഇപ്പോഴാണെന്നാണ് വിലയിരുത്തല്‍. രോഗവ്യാപനം കുറഞ്ഞിട്ടും മരണസംഖ്യ ഉയരുന്നതിന്‍റെ കാരണം അതാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 100 ന് മുകളിലാണ് സംസ്ഥാനത്തെ മരണസംഖ്യ. 142 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്.

കാലവർഷം വരാൻ പോകുന്ന പശ്ചാത്തലത്തിൽ ഡെങ്കിപ്പനി ഉൾപ്പെടെ പടർന്നു പിടിക്കാൻ സാധ്യതയുള്ളതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരും മുൻകൈ എടുക്കണം. കൊതുകു നിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Comments (0)
Add Comment