അസമിലെ രാഹുൽ ഗാന്ധിയുടെ സുരക്ഷയിൽ ആശങ്ക അറിയിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. രാഹുലിന് സ്ഡ്പ്ലസ് സുരക്ഷ ഉണ്ടായിട്ടും സർക്കാരും പോലീസും നിഷ്ക്രിയർ ആകുന്നു എന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഭാരത് ജോഡോ ന്യായ് യാത്രയ്ക്കെതിരെ അസമിൽ നടക്കുന്നത് വലിയ അക്രമം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് മല്ലികാർജുൻ ഖാർഗെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചത്. ജനുവരി 22-ന് നടന്നത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നാഗോൺ ജില്ലയിൽ, ബിജെപി പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞു, അദ്ദേഹത്തിന്‍റെ അടുത്തേക്ക് വന്ന് അത്യന്തം സുരക്ഷിതമല്ലാത്ത സാഹചര്യം സൃഷ്ടിച്ചു എന്നും ഖാർഗെ കത്തിൽ പറയുന്നു. അസം പോലീസ് നിശബ്ദ കാഴ്ചക്കാരാണെന്നും ചിലപ്പോൾ ബിജെപി പ്രവർത്തകർക്ക് വാഹനവ്യൂഹത്തിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നുവെന്നും രാഹുൽ ഗാന്ധിക്ക് ചുറ്റുമുള്ള സുരക്ഷാ വലയം ലംഘിച്ച് സുരക്ഷ അപകടത്തിലാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ധാരാളം തെളിവുകൾ ഉണ്ടായിട്ടും ആരെയും അറസ്റ്റ് ചെയ്യുകയോ പല സംഭവങ്ങളിലും അന്വേഷണം ആരംഭിക്കുകയോ ചെയ്തിട്ടില്ലെന്നും ഖാർഗെ കത്തിൽ ചൂണ്ടിക്കാട്ടി. അതേസമയം രാജ്യത്തെ ഏറ്റവും അഴിമതിക്കാനായ മുഖ്യമന്ത്രിയാണ് ഹിമന്ത് ബിശ്വ ശർമയെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ചു. അമിത്ഷായുടെ കരങ്ങളിലാണ് അദ്ദേഹം എന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
ബിജെപി നേതാക്കന്മാരായ മോദിയും അമിത് ഷായും അസം മുഖ്യ മന്ത്രിയുമൊക്കെ ഇന്ത്യയിൽ വെറുപ്പ് പടർത്താനാണ് ശ്രമിക്കുന്നത്. അത് അവരുടെ തെറ്റല്ല കാരണം അവരുടെ ഉള്ളിലുള്ളത് വെറുപ്പ് മാത്രമാണന്നും പറഞ്ഞു. ഇവർ വിൽക്കുന്ന വെറുപ്പിന്‍റെ കമ്പോളത്തിൽ സ്നേഹത്തിന്‍റെ പുതിയ കട തുറക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ഇന്ത്യ വെറുപ്പിന്‍റെ സ്ഥലമല്ല സ്നേഹത്തിന്‍റെ സ്ഥലമാണ്. ബിജെപിയുടെ വിദ്വേഷത്തിന്‍റെയും ആർഎസ്എസിനെയും വിചാരധാരകൾക്ക് ഇവിടെ സ്ഥാനമില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.