തിരുവനന്തപുരം: മുഖ്യമന്ത്രിയിലേക്ക് കൂടുതല്‍ അധികാരം കേന്ദ്രീകരിക്കുന്ന തരത്തില്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നത് ജനാധിപത്യ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുകയേ ഉള്ളൂ എന്ന് പ്രതിപക്ഷ നേതവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് ഏകാധിപത്യ പ്രവണത ശക്തിപ്പെടുത്തും.
അധികാര വികേന്ദ്രീകരണമാണ് ജനാധിപത്യത്തിന്‍റെ കാതല്‍. ഇവിടെയാകട്ടെ മന്ത്രിമാരുടെ അധികാരം ലഘൂകരിച്ച ശേഷം മുഖ്യമന്ത്രിയിലേക്ക് അധികാരം കേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നത്. അധികാരവികേന്ദ്രീകരണത്തെക്കുറിച്ച് വാചാലരാവുന്ന ഇടതു പക്ഷം തന്നെ ഇത് ചെയ്യുന്നത് അവരുടെ ഇരട്ടത്താപ്പിന്റെ മറ്റൊരു ഉദാഹരണം മാത്രമാണ്.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കഴിഞ്ഞ നാലര വര്‍ഷവും മുഖ്യമന്ത്രിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്ന കാഴ്ചയാണ് കണ്ടത്. പുറത്ത് വന്ന വിവാദ തീരുമാനങ്ങള്‍ മിക്കവയും മന്ത്രിസഭയോ മുന്നണിയോ അറിയാതെ മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ നേരിട്ടാണ് കൈക്കൊണ്ടിട്ടുള്ളത്. സ്പ്രിംഗളര്‍ ഇടപാട് മുതല്‍ ഇമൊബിലിറ്റി പദ്ധതി വരെ നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഇതില്‍ പലതും വകുപ്പ് മന്ത്രിമാര്‍ പോലും അറിഞ്ഞിരുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. മന്ത്രിസഭയെ മാത്രമല്ല, വകുപ്പ് മന്ത്രിമാരെപ്പോലും ഇരുളില്‍ നിര്‍ത്തിയാണ് അഴിമതിക്കുള്ള തീരുമാനങ്ങള്‍ എടുത്ത് നടപ്പാക്കിയത്. ഇടതു മുന്നണി ഏകോപന സമിതി വെറും നോക്കുകുത്തിയായി. പുറത്തു വന്നവയുടെ കഥ മാത്രമാണിത്. പുറത്തു വരാത്ത എത്രയോ തീരുമാനങ്ങള്‍ ഇതേ പോലെ ഉണ്ടാവാം. ഇത്തരം ചട്ടവിരുദ്ധ പ്രവൃത്തികള്‍ ക്രമപ്പെടുത്തുന്നതിനാണോ മന്ത്രിസഭയുടെ കാലാവധി അവസാനിക്കാന്‍ പോകുന്ന ഈ ഘട്ടത്തില്‍ ഇങ്ങനെയൊരു പരിഷ്‌ക്കാരം കൊണ്ടു വരുന്നതെന്ന് സംശയിക്കണം. പോകുന്ന പോക്കില്‍ കൂടുതല്‍ അഴിമതി നടത്തുന്നതിന് സൗകര്യം സൃഷ്ടിക്കുകയുമാവാം. വകുപ്പുകളുടെ പ്രാഥമിക ചുമതല മന്ത്രിമാര്‍ക്കൊപ്പം സെക്രട്ടറിമാര്‍ക്കും നല്‍കുന്നത് ഉദ്യോഗസ്ഥ മേധാവിത്വം ഉട്ടി ഉറപ്പിക്കാനുമിടയുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളടങ്ങുന്ന മുന്നണികളുടെ കൂട്ടുകക്ഷി ഭരണമാണ് കേരളത്തില്‍ വളരെക്കാലമായി നിലനില്‍ക്കുന്നത്. പൊതു പരിപാടിയുടെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ടിട്ടുള്ള മുന്നണി സംവിധാനത്തില്‍ കൂടിയാലോചനകളിലൂടെയും ചര്‍ച്ചകളിലൂടെയുമാണ് ഭരണ നിര്‍വഹണം നടത്തപ്പെടുന്നത്. വിശാലമായ ആ ജനാധിപത്യ പ്രക്രിയയുടെ കടയ്ക്കലാണ് കത്തി വയ്ക്കപ്പെടുന്നത്. ഏകാധിപത്യ പ്രവണത ശക്തിപ്പെടുകയായിരിക്കും ഇതിന്റെ ഫലം. മുഖ്യമന്ത്രിക്ക് മന്ത്രിമാരിലുള്ള വിശ്വാസം മാത്രമല്ല മന്ത്രിസഭയുടെ കൂട്ടത്തരവാദിത്തവും നഷ്ടപ്പെടും.
കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരില്‍ അധികാരങ്ങള്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത് പ്രധാനമന്ത്രിയിലാണ്. അത് തന്നെയാണ് കേരളത്തിലും നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇടതു മുന്നണിയിലെ ഘടക കക്ഷികള്‍ ഇതിനോട് യോജിക്കുന്നുണ്ടോ എന്നറിയാന്‍ താത്പര്യമുണ്ട്.
സംസ്ഥാനത്തിന്റെ ഭരണ സംവിധാനത്തില്‍ അടിസ്ഥനപമായ മാറ്റം വരുത്തുന്ന ഈ പരിഷ്‌ക്കാരം നടപ്പിലാക്കുന്നതിന് മുന്‍പ് വിപുലമായ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം എന്ന് ആവശ്യപ്പെടുന്നു. വിവിധ രാഷ്ട്രീയ കക്ഷികളുമായും ഭരണ വിഗദ്ധരുമായും ചര്‍ച്ച നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.