കാസർകോട്ട് ഇനി കംപ്യൂട്ടറൈസ്ഡ് മോട്ടോർ വെഹിക്കിൾ ടെസ്റ്റിങ് സ്റ്റേഷൻ

Jaihind News Bureau
Friday, September 6, 2019

നാല് കോടി രൂപ ചെലവിൽ കാസർകോട് മാന്യബേളയിൽ മോട്ടോർ ഗതാഗത വകുപ്പിന് കീഴിൽ നിർമിക്കുന്ന കംപ്യൂട്ടറൈസ്ഡ് മോട്ടോർ വെഹിക്കിൾ ടെസ്റ്റിങ് സ്റ്റേഷൻ പൂർത്തിയായി. ഗതാഗത വകുപ്പിന്‍റെ പ്രവർത്തനം ശാസ്ത്രീയമാക്കുന്നതിന്‍റെ ഭാഗമായി ടെസ്റ്റിങ്ങ് സ്റ്റേഷൻ നിർമ്മിക്കുന്നത് .

സംസ്ഥാനത്ത് കാസർകോട് ബേളയിലും തളിപ്പറമ്പിലുമാണ് സ്റ്റേഷൻ പണിയുന്നത്.   ഊരാളുങ്കൽ ലേബർ കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് രണ്ടിടത്തെയും പ്രവൃത്തി നടത്തുന്നത്. ബേളയിൽ സംസ്ഥാന സർക്കാർ നൽകിയ രണ്ടേക്കർ സ്ഥലത്താണ് മികച്ച ട്രാക്കോട് കൂടിയ സ്റ്റേഷൻ. ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സ്റ്റേഷന്‍റെ പ്രവർത്തനം. യന്ത്ര സാമഗ്രികൾ ഘടിപ്പിപ്പിക്കുന്നത് ഉടൻ പൂർത്തിയാക്കും.

മോട്ടോർ സൈക്കിൾ, കാർ, ലോറി, ബസ് തുടങ്ങിയ എല്ലാ വാഹനങ്ങൾക്കുമുള്ള ജില്ലയിലെ പരിശോധന ഇവിടെ നടക്കും. ഫിറ്റ്നസ്, ബ്രേക്ക്, സ്പീഡ് തുടങ്ങിയവയുടെ പരിശോധന നടക്കും. അമ്പതോളം വാഹനങ്ങൾ നിർത്തിയിടാനുള്ള ഷെഡും ഉണ്ട്. വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ പരിശോധനകളും ഇനി ഇവിടെയായിരിക്കും. നിലവിൽ കമ്പിയിട്ട് പാറക്കട്ടയിലും വിദ്യാനഗർ സ്റ്റേഡിയം പരിസരത്തും റോഡിലും നടക്കുന്ന ആർടിഒ പരിശോധന അവസാനിക്കും.

പുതുതായി ഡ്രൈവിങ് ലൈസൻസിന് എത്തുന്നവർക്ക് പരിമുറുക്കവും ഒഴിവാക്കാം. ഒരു വർഷം മുമ്പ് പ്രവൃത്തി ആരംഭിച്ച സ്റ്റേഷന്റെ ഉദ്ഘാടനം വൈകാതെ ഉണ്ടാകും.