വഞ്ചിയൂർ കോടതിയിലെ തർക്കങ്ങളിൽ ഒത്തുതീർപ്പ് ശ്രമങ്ങൾ പാളി; മജിസ്ട്രേറ്റിനെതിരായ ബഹിഷ്കരണവുമായി മുന്നോട്ട് പോകുമെന്ന് അഭിഭാഷകർ

Jaihind News Bureau
Tuesday, December 3, 2019

വഞ്ചിയൂർ കോടതിയിലെ തർക്കങ്ങളിൽ  ഒത്തുതീർപ്പ് ശ്രമങ്ങൾ പാളി. മജിസ്ട്രേറ്റിനെതിരായ ബഹിഷ്കരണവുമായി അഭിഭാഷകർ മുന്നോട്ട് പോകുമെന്ന് ബാർ അസോസിയേഷൻ. തർക്കം രമ്യമായി പരിഹരിക്കാൻ നാളെ ബാർ കൗൺസിൽ യോഗം ചേരും.

വഞ്ചിയൂർ കോടതിയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ പ്രശ്നം പരിഹരിച്ചെന്നും നിലവിൽ പരാതികളില്ലെന്നും ബാർ കൗൺസിൽ ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് തർക്കത്തിൽ ബാർ കൗൺസിൽ ഇടപെട്ടത്.ഇതിന് പിന്നാലെയാണ് മജിസ്ട്രേറ്റിനെതിരായ ബഹിഷ്‌കരണം പിൻവലിച്ചില്ലെന്ന് ബാർ അസോസിയേഷൻ ഭാരവാഹികൾ പ്രതികരിച്ചത്. വനിതാ മജിസ്ട്രേറ്റ് ദീപാ മോഹൻ അഭിഭാഷകർക്കെതിരെ പോലീസിന് നൽകിയ പരാതിയിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അഭിഭാഷകർക്കെതിരായി നിലനിൽക്കുന്ന കേസുമായി ബന്ധ്ധപ്പെട്ട തർക്കമാണ് ബഹിഷ്കരണം തുടരാനുള്ള കാരണം. വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിൽ അഭിഭാഷകർ ഉറച്ച് നിൽക്കുമ്പോഴും തർക്കം രമ്യമായി പരിഹരിക്കാൻ നാളെ ബാർ കൗൺസിൽ യോഗം ചേരും. വിവിധ ബാർ അസോസിയേഷൻ ഭാരവാഹികൾ ചർച്ചയിൽ പങ്കെടുക്കും.