പങ്കാളിത്ത പെന്‍ഷന്‍ : ഫയല്‍ തിരിഞ്ഞ് നോക്കാതെ 135 ദിവസങ്ങള്‍ ; മുഖ്യമന്ത്രിയുടെ ഉറപ്പ് ഫെയ്സ്ബുക്കിലും, പ്രസംഗങ്ങളിലും മാത്രം

Jaihind Webdesk
Wednesday, December 1, 2021

പങ്കാളിത്ത പെന്‍ഷന്‍ പുനപരിശോധന സമിതി റിപ്പോര്‍ട്ട് ലഭിച്ചിട്ടും നടപടിയെടുക്കാതെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.
റിപ്പോര്‍ട്ട് ലഭിച്ചത് ജൂലൈ 20 ന് എന്ന് ഇ-ഫയല്‍ രേഖകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ നടപടിയില്ലാതെ കടന്നു പോയത് 135 ദിവസങ്ങളാണ്. ഇ-ഫയല്‍ രേഖകള്‍ ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

ഓരോ ഫയലിലും ഉറങ്ങുന്നത് ഓരോ ജീവിതമെന്ന് ആവര്‍ത്തിച്ചു പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ മുഖ്യമന്ത്രിയുടെ ഉറപ്പ് ഫെയ്സ്ബുക്കിലും, പ്രസംഗങ്ങളിലും മാത്രമായി ഒതുങ്ങുകയാണ്. പങ്കാളിത്ത പെന്‍ഷന്‍ പുനപരിശോധനയുമായി ബന്ധപ്പെട്ട് എ5/31/2021 എന്ന ഫയല്‍ ധനകാര്യ പെന്‍ഷന്‍ വകുപ്പ് പരിശോധിച്ചതിനു ശേഷം, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ ഐ എ എസ് 20.7.21 ന് ധനമന്ത്രി കെ എന്‍ ബാലഗോപാലിന് കൈമാറി എന്ന് ഇ ഫയല്‍ രേഖകളില്‍ നിന്ന് വ്യക്തമാണ്. ജൂലൈ ആറിനാണ് പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധന സമിതി ശുപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് ധനവകുപ്പിന് ലഭിക്കുന്നത്. ധനകാര്യ വകുപ്പിലെ പെന്‍ഷന്‍ വിംഗിലെ ഉദ്യോഗസ്ഥരായ അസിസ്റ്റന്റ്, ജയേഷ്, സെക്ഷന്‍ ഓഫീസര്‍ സുജ റാണി , അണ്ടര്‍ സെക്രട്ടറി പ്രവീണ്‍ കുമാര്‍ , ജോയിന്‍റ് സെക്രട്ടറി റ്റിക്‌സി നെല്‍സണ്‍ എന്നിവര്‍ പ്രസ്തുത ഫയല്‍ പരിശോധിച്ചതിനുശേഷം ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹക്ക് കൈമാറി.

തുടര്‍ നടപടിക്കായി ധനവകുപ്പ് സെക്രട്ടറി ധനമന്ത്രിക്ക് കൈമാറി. ജൂലൈ 20 ന് ലഭിച്ച ഫയല്‍ ധനമന്ത്രിക്ക് ലഭിച്ചിട്ട് ഇന്ന് 135 ദിവസം കഴിയുന്നു. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് നിരന്തര പ്രസംഗങ്ങള്‍ നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ 135 ദിവസമായി ധനമന്ത്രിയുടെ ഓഫിസില്‍ ഉറങ്ങുന്ന ഈ ഫയല്‍ വിളിച്ചു വരുത്താന്‍ തയ്യാറാകുന്നില്ല. സെക്രട്ടറിയേറ്റ് മാനുവല്‍ പ്രകാരം കിട്ടിയ ഫയല്‍ അഞ്ചു ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണം എന്നതാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണോ ധനമന്ത്രി മുഖ്യമന്ത്രിക്ക് ഫയല്‍ സമര്‍പ്പിക്കാത്തത് എന്ന് വ്യക്തമല്ല.

ഒന്നര ലക്ഷം പേരാണ് പങ്കാളിത്ത പെന്‍ഷനില്‍ ഉള്‍പെട്ടവര്‍. നാമമാത്ര പെന്‍ഷനാണ് നിലവില്‍ വിരമിച്ച പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് ലഭിക്കുന്നത് എന്ന വാര്‍ത്തകളും പുറത്ത് വന്നിട്ടുണ്ട്. ഫയല്‍ പൂഴ്ത്തിവയ്പ് ഉദ്യോഗസ്ഥന്‍ കാണിച്ചാലും മന്ത്രി കാണിച്ചാലും തക്കതായ ശിക്ഷ ഉറപ്പ് വരുത്തണ്ടേത് ജനാധിപത്യ സംവിധാനത്തില്‍ ആവശ്യമാണ്. 2 വര്‍ഷത്തിനു മേല്‍ സര്‍വീസുള്ള പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് സ്റ്റാറ്റുറ്ററി പെന്‍ഷന്‍ ഇപ്പോഴും ലഭിക്കുമ്പോള്‍ പങ്കാളിത്ത പെന്‍ഷന്‍ പുനപരിശോധന സമിതി ശുപാര്‍ശകളില്‍ മേല്‍ നടപടി എടുക്കാത്ത ധനമന്ത്രിക്കും പിണറായി സര്‍ക്കാരിനും എതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.