രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ; ഇന്ന് മുതൽ 21 ദിവസത്തേക്കാണ് ലോക്ക് ഡൗൺ

Jaihind News Bureau
Tuesday, March 24, 2020

കൊവിഡ് 19-ന്‍റെ വ്യാപനം തടയാൻ രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി. ഇന്ന് അർദ്ധരാത്രി മുതൽ 21 ദിവസത്തേക്കാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്തെ ഓരോ പൗരനെയും രക്ഷിക്കാനായി ഈ നടപടി അത്യന്താപേക്ഷിതമാണെന്നും. ഇന്ന് അർദ്ധരാത്രി മുതൽ പുറത്തിറങ്ങുന്നതിന് കനത്ത നിയന്ത്രണങ്ങളുണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

“നിങ്ങള്‍ രാജ്യത്ത് എവിടെയായാലും അവിടെ തുടരുക. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഇത് ബാധകമാണ്. സാമൂഹിക അകലം മാത്രമാണ് മരുന്ന്. കൊവിഡില്‍ നിന്ന് രക്ഷപെടാന്‍ സാമൂഹിക അകലം മാത്രമാണ് വഴി. കൊവിഡ് അതിവേഗം വ്യാപിക്കുകയാണ്. ചിലരുടെ ശ്രദ്ധക്കുറവ് നിങ്ങളേയും കുടുംബത്തേയും അപകടത്തിലാക്കാം. അതിനാല്‍ വീടിന് പുറത്തേയ്ക്ക് ഓരോ ചുവട് വയ്ക്കുമ്പോഴും ശ്രദ്ധിക്കുക. പ്രധാനമന്ത്രിയുള്‍പ്പെടെ രാജ്യത്തിന്‍റെ മുക്കിലും മൂലയിലും ഉള്ള ഓരോ ചെറിയ കുട്ടിയ്ക്കും വരെ ഇത് ബാധകമാണ്. ഇതിനാൽ സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ ബാധിച്ചേക്കാം. എന്നാൽ നമ്മുടെ ജീവൻ രക്ഷിക്കാൻ ഈ നടപടി അനിവാര്യമാണ്. അതിനാൽ ഈ പ്രഖ്യാപനവുമായി മുന്നോട്ടുപോകുന്നു. ജനങ്ങൾ സാമൂഹ്യ അകലം പാലിക്കുക എന്നതല്ലാതെ ഈ മഹാമാരിയെ നേരിടാൻ വേറെ വഴിയില്ല. മെഡിക്കൽ വിദഗ്ധർ തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്. ഇത് രോഗികൾക്ക് മാത്രമേ വേണ്ടൂ എന്ന് ചിലർക്ക് തെറ്റിദ്ധാരണയുണ്ട്. ഇത് ശരിയല്ല. കുടുംബത്തിലെ ഓരോരുത്തരും സാമൂഹ്യ അകലം പാലിക്കണം. എല്ലാവര്‍ക്കും സാമൂഹിക അകലം പാലിക്കുക. വീട്ടിൽ അടച്ചിരിക്കൂ. സുരക്ഷിതരായിരിക്കൂ. ലോകത്തെ ഏറ്റവും മികച്ച ശക്തരായ രാജ്യങ്ങള്‍ക്കുപോലും ഇതിന്‍റെ ആഘാതം നേരിടാനായില്ല. ‌‌” – പ്രധാനമന്ത്രി പറഞ്ഞു.

അശ്രദ്ധ ഉണ്ടായാല്‍ ചിന്തിക്കാന്‍ കഴിയാത്തത്ര കനത്ത വില രാജ്യം നല്‍കേണ്ടിവരുമെന്നും മോദി മുന്നറിയിപ്പ് നല്‍കി. രോഗവ്യാപനത്തിന്‍റെ വേഗത കൂടുന്തോറും പ്രതിരോധവും അതികഠിനമാകും. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പരിപൂര്‍ണമായി പാലിക്കണം. ഓരോ ജീവനും രാജ്യത്തിന് പ്രധാനപ്പെട്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.