കണ്ണൂര്‍ പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാർ ഇല്ലെന്ന് പരാതി; യൂത്ത് കോൺഗ്രസ് പ്രതിഷേധം

 

കണ്ണൂർ: കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്‍റെ കീഴിലുള്ള പഴയങ്ങാടി താലൂക്കാശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലെന്ന് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ യൂത്ത് കോൺഗ്രസ് കല്ല്യാശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു.

ദിവസേന അഞ്ഞൂറിലധികം പേർ ചികിത്സയ്ക്ക് എത്തുന്ന ആശുപത്രിയിൽ ഇന്നലെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് ഒരു ഡോക്ടർ. അതുകൊണ്ട് നീണ്ട ക്യൂ ആണ് ഇന്നലെ ആശുപത്രിയിൽ അനുഭവപ്പെട്ടത്. പനി കൂടി ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ആശുപത്രിയിലെ ഡോക്ടർമാർ അവധിയിൽ ആയതും തിരക്ക് വർധിക്കാൻ കാരണമായി. മുതിർന്നവരും കുട്ടികളും ഉൾപെടെ ഒട്ടേറെപ്പേർ മണിക്കൂറുകളാണ് ഇന്നലെ ചികിത്സയ്ക്കായി ക്യൂ നിന്നത്.

നിലവിൽ ഡോക്ടർമാർ ഉൾപ്പെടെ 40 പേർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. 11 ഡോക്ടർമാരുടെ പേര് ബോർഡിൽ ഉണ്ടെങ്കിലും ഇന്നലെ ഒരു ഡോക്ടർ മാത്രമാണ് ഉണ്ടായിരുന്നത്. ആശുപത്രി സേവനം മുഴുവൻ സമയമാണെങ്കിലും (24 മണിക്കൂർ) രാത്രി 8 ന് ശേഷം ഫാർമസിസ്റ്റുകളുടെ സേവനം ലഭിക്കുന്നില്ലെന്ന പരാതിയും ഉണ്ട്. ഇതിനെല്ലാം എതിരെയാണ് യൂത്ത് കോൺഗ്രസ് കല്ല്യാശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടന്നത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് വിജിൽ മോഹൻ ഉദ്‌ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ് രാഹുൽ പുത്തൻ പുരയിൽ അധ്യക്ഷത വഹിച്ചു. സുദീഷ് വെള്ളച്ചാൽ, അക്ഷയ് പറവൂർ, ഷിജു കല്ലേൻ, വിജേഷ് മാട്ടൂൽ, തുടങ്ങിയവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.

 

Comments (0)
Add Comment